തിരുവനന്തപുരം: കടക്കാവൂർ മണമ്പൂരിൽ യുവാവിനെ വെട്ടി കൊലപ്പെടുത്തിയ കേസിൽ നാലുപേർ പിടിയിൽ. പെരുങ്കുളം മെഷീൻ കോളനിയിൽ ഫ്രാൻസിസിന്‍റെ മകൻ ജോഷിയാണ് കൊല്ലപ്പെട്ടത്. പെരുങ്കുളം സ്വദേശികളായ ശ്രീജിത്ത്, മണി, ബൈജു, സാബു എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്ക് 11 മണിയോടെയാണ് പത്തംഗ സംഘം ജോഷിയെ ആക്രമിച്ച് കൊലപ്പെടുത്തിയത്. ജോഷിയുടെ വീടിന് സമീപം പാറക്കടവിനു സമീപത്തുവച്ചായിരുന്നു സംഭവം.
Also Read:വാണിമേലില്‍ ചാരായം വാറ്റുന്നതിനായി സൂക്ഷിച്ച വാഷ് ശേഖരം പിടികൂടി
ജോഷിയുടെ കൂട്ടാളികൾ തന്നെയാണ് ആക്രമണം നടത്തിയത്. കഞ്ചാവ് കച്ചവടം നടത്തുന്ന ജോഷിയും കൂട്ടാളികളും നിരവധി കേസുകളിൽ പ്രതികളാണ്. അടുത്തിടെ ഉണ്ടായ വാക്ക് തർക്കങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചത്. പിടിയിലായ പ്രതികളുടെ കൈയിൽ നിന്നും കൊലയ്ക്കുപയോഗിച്ച ആയുധങ്ങൾ പൊലീസ് കണ്ടെടുത്തു. സംഭവത്തിൽ ഉൾപ്പെട്ട മറ്റ് ആറ് പ്രതികളും ഒളിവിലാണ്. ഇവരെക്കൂടി അറസ്റ്റ് ചെയ്‌തതിന് ശേഷം കൂടുതൽ തെളിവെടുപ്പ് നടത്തുമെന്ന് പൊലീസ് അറിയിച്ചു.