തിരുവനന്തപുരം: മോഷ്ടിച്ചെടുത്ത ബൈക്കുമായി എത്തി വിദേശമദ്യം കവർന്ന സംഘത്തിലെ നാലുപേർ പൊലീസിന്‍റെ പിടിയിൽ. കോവളം വെള്ളാർ കോളനിയിൽ വിമൽ മിത്ര, കോവളം കുഴിവിള കത്തിൽ കുക്കു എന്നു വിളിക്കുന്ന അജി, വേടൻ കോളനിയിൽ ഖാദർ എന്നു വിളിക്കുന്ന നാദിർഷ, ചിറയിൻകീഴ് കീഴുവിലം സ്വദേശി മഹേഷ്, വർക്കല അയിരൂർ സ്വദേശി വിഷ്ണു എന്നിവരെയാണ് ആണ് കോവളം പൊലീസ് പിടികൂടിയത്. ആറ്റിങ്ങലിൽ ബിവറേജിൽ എത്തിക്കാൻ കൊണ്ടുവന്ന വിദേശമദ്യമാണ് സംഘം കവർന്നത്.
വിദേശമദ്യം സൂക്ഷിച്ചിരിക്കുന്ന ലോറി റോഡിൽ പാർക്ക് ചെയ്തിരിക്കുന്ന വിവരമറിഞ്ഞ വിമൽ മിത്ര, നാദിർഷ , അജിത്ത് എന്നിവർ കോവളം വേടൻ കോളനിയിൽ നിന്ന് ഒരു ബൈക്ക് മോഷ്ടിച്ച് ആറ്റിങ്ങലിലേക്ക് യാത്രതിരിച്ചു. കോരാണിക്ക് സമീപത്ത് കേടായ ബൈക്ക് കൈമാറിയ ശേഷം അവിടെനിന്ന് മറ്റൊരു ഹീറോ ഹോണ്ട ബൈക്ക് മോഷ്ടിച്ച് യാത്ര തുടരുകയായിരുന്നു. മൂന്നു മുക്കിന് സമീപത്തെ ബിവറേജസ് ഗോഡൗണിന് മുന്നിലായി പാർക്ക് ചെയ്തിരുന്ന ലോറിയിൽനിന്ന് 100 കുപ്പി വിദേശ മദ്യം കവർന്ന് സംഘം കടന്നുകളയുകയായിരുന്നു.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പൊലീസിന്‍റെ വലയിലായത്. പ്രതികൾ വേറെയും ബൈക്കുകൾ മോഷ്ടിച്ചതായി സമ്മതിച്ചിട്ടുണ്ടെന്ന് കോവളം ഇൻസ്പെക്ടർ അനിൽകുമാർ പറഞ്ഞു.