തിരുവനന്തപുരം: ബുദ്ധിമാന്ദ്യമുള്ള പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസില്‍ നാല്‍പ്പത്താറുകാരന്‍ അറസ്റ്റിൽ. വര്‍ക്കല ചിലക്കൂര്‍ സ്വദേശി റിയാസാണ് അറസ്റ്റിലായത്. വര്‍ക്കല ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ററി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ 14കാരിയാണ് പീഡനത്തിന് ഇരയായത്. പ്രതി കുട്ടിയുടെ മാതാപിതാക്കളുമായി സൗഹൃദം സ്ഥാപിച്ചാണ് വീച്ചിലെത്തി പലതവണ കുട്ടിയെ പീഡിപ്പിച്ചത്.
പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ മാതാവ് മാനസിക രോഗത്തിന് ചികിത്സയില്‍ കഴിയുകയാണ്. കെട്ടിട നിര്‍മ്മാണ തൊഴിലാളിയായ പ്രതി പെണ്‍കുട്ടിയുടെ വീട്ടിലെ ചില നിർമ്മാണ ജോലികള്‍ ചെയ്തു നല്‍കി സൗഹൃദത്തിലാവുകയായിരുന്നു. തുടർന്ന് വീട്ടിലെ നിത്യസന്ദര്‍ശകനായ ശേഷം മാതാപിതാക്കളറിയാതെ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി ബലമായി പീഡിപ്പിക്കുയാണുണ്ടായത്. പ്രതിയുടെ സ്ഥിരം സന്ദര്‍ശനത്തില്‍ സംശയം തോന്നിയ നാട്ടുകാര്‍ പൊലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് വര്‍ക്കല പൊലീസ് സ്റ്റേഷനിലെ വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ പെണ്‍കുട്ടിയെ ഒരു സ്പെഷ്യല്‍ എജ്യൂക്കേറ്ററുടെ സാന്നിദ്ധ്യത്തില്‍ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിലാണ് ഇയാൾ കുട്ടിയെ പലതവണ പീഡിപ്പിച്ചതായി കുട്ടി വെളിപ്പെടുത്തിയത്. പെൺകുട്ടിയെ കൊലചെയ്യും എന്ന് ഭീഷണിപ്പെടുത്തിയതിനെ തുടർന്നാണ് പീഡന വിവരം കുട്ടി മറച്ച് വെച്ചത്. പൊലീസ് അന്വേഷിക്കുന്നുണ്ടെന്ന് അറിഞ്ഞ പ്രതി കടന്നുകളയാൻ ശ്രമിക്കവെ കൊല്ലം മയ്യനാട് മുക്കം എന്ന സ്ഥലത്ത് വെച്ച് പിടികൂടുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിട്ടുണ്ട്.