തിരുവനന്തപുരം: ഭരണപരിഷ്‌കാര കമ്മിഷന്‍ അംഗവും മുന്‍ ചീഫ് സെക്രട്ടറിയുമായ സി.പി നായര്‍ അന്തരിച്ചു. 81 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് തിരുവനന്തപുരം കവടിയാറിലെ വസതിയിലായിരുന്നു അന്ത്യം. 1962 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ അദ്ദേഹം സംസ്ഥാന സിവില്‍ സര്‍വീസില്‍ വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖരില്‍ ഒരാളായാണ് അറിയപ്പെടുന്നത്.
വിവിധ ജില്ലകളില്‍ കലക്‌ടര്‍ പദവിയില്‍ തിളങ്ങിയ സി.പി നായര്‍ തിരുവിതാകൂര്‍ ദേവസ്വം കമ്മിഷണര്‍, ചീഫ്‌സെക്രട്ടറി തുടങ്ങിയ പദവികളില്‍ സേവനം അനുഷ്ടിച്ചിട്ടുണ്ട്. 50 വര്‍ഷത്തിലേറെ പഴക്കമുള്ള കേരള വിദ്യാഭ്യാസ നിയമം പരിഷകരിക്കുന്നതിന് നേതൃത്വം നല്‍കി. തൊഴിലാളികള്‍ക്ക് പ്രയോജനപ്രദമായ നിരവധി ക്ഷേമനിധി ബോര്‍ഡുകളുടെ രൂപീകരണത്തിന് പിന്നില്‍ സി.പി എന്ന ഉദ്യോഗസ്ഥന്‍റെ മികവാണ്.
ജനപ്രിയ ഭരണ പരിഷ്‌കാരങ്ങള്‍ക്ക് പിന്നിലെ കയ്യൊപ്പ്
സിപി നായർ തൊഴില്‍ സെക്രട്ടറിയായിരിക്കെയാണ് നിരവധി ക്ഷേമ ബോര്‍ഡുകള്‍ രൂപീകൃതമാകുന്നത്. കെ. കരുണാകരന്‍റെ ഭരണ കാലഘങ്ങളിലെല്ലാം സുപ്രധാന പദവികള്‍ കൈകാര്യം ചെയ്‌തിട്ടുണ്ട്. ജനങ്ങളുമായി കെ. കരുണാകരനെ കൂടുതല്‍ അടുപ്പിക്കുന്ന ജനപ്രിയ ഭരണ പരിഷ്‌കാരങ്ങള്‍ക്ക് പിന്നിലും സി.പി നായരുടെ കൈയൊപ്പുണ്ടായിരുന്നു.
മുഖ്യമന്ത്രിയായിരിക്കെ കെ. കരുണാകരന്‍ ആവിഷകരിച്ച ജനപ്രിയ പദ്ധതിയായ സ്‌പീഡ് പ്രോഗ്രം എന്ന ആശയത്തിനു പിന്നില്‍ സി.പിയായിരുന്നു. 1991ല്‍ കെ. കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കെ ആഭ്യന്തര സെക്രട്ടറിയും പിന്നീട് ചീഫ് സെക്രട്ടറിയുമായി. 1996 ഇ.കെ. നായനാര്‍ മുഖ്യമന്ത്രിയായിരിക്കെയാണ് അദ്ദേഹം ചീഫ് സെക്രട്ടറിയായത്.
1998 ല്‍ സര്‍വീസില്‍ നിന്നും വിരമിച്ച അദ്ദേഹം പിന്നീട് ദേവസ്വം കമ്മിഷണറായിരുന്നു. പ്രമുഖ ഹാസ്യ സാഹിത്യകാരനായിരുന്ന മാവേലിക്കര ചെല്ലപ്പന്‍ നായരുടെ മകനായ അദ്ദേഹം പിതാവിന്‍റെ പാത പിന്തുടര്‍ന്ന് ഹാസ്യ സാഹിത്യ രംഗത്തും വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട്. ഐ.എ.എസ് തിരക്കുകള്‍ക്കിടയിലും നിരവധി ആനുകാലികങ്ങളിലും പ്രമുഖ ദിന പത്രങ്ങളിലും പതിവായി ശ്രദ്ധേയ പക്തികള്‍ അദ്ദേഹം കൈകാര്യം ചെയ്‌തിരുന്നു.
തൊഴില്‍ വകുപ്പും ഇളവുകളും, ജയ്‌ഹോ, തകില്‍, സംപൂജ്യനായ അധ്യക്ഷന്‍ എന്നീ ഹാസ്യ ലേഖന സമാഹാരങ്ങളും എന്തരോ മഹാനുഭാവലു - എന്‍റെ ഐ.എ.എസ് ദിനങ്ങള്‍ എന്ന ആത്മകഥയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവാണ്. സി.പി നായരുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ തുങ്ങിയ പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി. സംസ്‌കാരം പിന്നീട്.
ALSO READ: എയർ ഇന്ത്യ ടാറ്റ ഗ്രൂപ്പിന്; ലേലത്തിൽ ഉയർന്ന തുക സമർപ്പിച്ചുവെന്ന് റിപ്പോർട്ടുകൾ