തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകളിലെ ഉച്ചഭക്ഷണ വിതരണത്തിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന്‍റെ ഭാഗമായി പരിശോധനകൾ ശക്തമായി തുടരുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. 'പരിശോധനയിൽ യാതൊരുവിധ വിട്ടുവീഴ്‌ചകളുമുണ്ടാകില്ല. അനാസ്ഥ കണ്ടെത്തിയാൽ കർശനമായും നിയമനടപടികൾ സ്വീകരിക്കുമെന്നും' മന്ത്രി പറഞ്ഞു.
ഉച്ച ഭക്ഷണത്തിന് ഉപയോഗിക്കുന്ന ജലത്തിൻ്റെ ഗുണനിലവാരം ജല അതോറിറ്റി ഉറപ്പുവരുത്തും. സ്‌കൂൾ തുറന്നതിന് പിന്നാലെ സംസ്ഥാനത്തെ ചില സ്‌കൂളുകളിൽ ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്‌ത പശ്ചാത്തലത്തിലാണ് പരിശോധന കർശനമാക്കിയത്.
ALSO READ: സംസ്ഥാനത്തെ സ്‌കൂളുകളിൽ ഭക്ഷ്യ സുരക്ഷ പരിശോധന തുടരും
കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ അന്തേവാസി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിന് പിന്നാലെ പ്രത്യേക യോഗം ചേർന്നതായും മന്ത്രി അറിയിച്ചു. 'സുരക്ഷയ്‌ക്കായി പുതിയ നാല് ജീവനക്കാരെ നിയമിച്ചു. കാലോചിത പരിഷ്‌കാരം മാനസികാരോഗ്യ കേന്ദ്രങ്ങളിൽ ഉണ്ടാകേണ്ടതുണ്ട്. ചികിത്സ കഴിഞ്ഞവർക്ക് പുനരധിവാസ പദ്ധതി നടപ്പിലാക്കാൻ ശ്രമിക്കുന്നുണ്ടെന്നും' മന്ത്രി കൂട്ടിച്ചേർത്തു.