തിരുവനന്തപുരം: പൂക്കച്ചവടത്തിന് പ്രശസ്തമാണ് കാഞ്ഞിരംകുളം. കൊച്ചു തോവാളയെന്നറിയപ്പെടുന്ന ഇവിടേക്ക് പൂക്കൾ വാങ്ങാൻ ജില്ലയ്ക്ക് അകത്തും പുറത്തും നിന്നുമായി നിരവധി പേർ എത്താറുണ്ട്. ഓണക്കാലമായാൽ കാഞ്ഞിരംകുളത്തിന് പൂക്കളുടെ സുഗന്ധമാണ്. എന്നാൽ ഇന്ന് അതൊക്കെ ഓർമ്മകള്‍ മാത്രമായി. ലോക്ക് ഡൗൺ വന്നതോടെ പൂക്കടകളിൽ കച്ചവടമില്ല. ഇതൊടെ വലിയ പ്രതിസന്ധിയിലാണ് വ്യാപാരികള്‍. ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ പൂമാർക്കറ്റായ തമിഴ്നാട്ടിലെ തോവാളയിലെ അതേ വിലയ്ക്ക് പൂക്കൾ കിട്ടുമെന്നതാണ് കാഞ്ഞിരംകുളത്തിന്‍റെ പ്രത്യേകത. അതും സംസ്ഥാനത്ത് എവിടെയും ലഭിക്കാത്ത വിലക്കുറവിൽ. ഇതാണ് കൊച്ചു തോവാള എന്ന പേര് ലഭിക്കാൻ കാരണം.
ഹോൾസെയിൽ റീട്ടെയിൽ വിഭാഗങ്ങളിലായി നിരവധി പൂക്കടകളാണ് ഇവിടെ പ്രവർത്തിക്കുന്നത്. നൂറിലേറെ തൊഴിലാളികളുമുണ്ട്. ലോക്ക് ഡൗൺ വന്നതോടെ പൂക്കൾക്ക് ആവശ്യക്കാരില്ലാതായി. വെറുതെ കടകൾ തുറന്നു വച്ചിരിക്കേണ്ട അവസ്ഥയാണ്.
ലോക്ക് ഡൗണിനെ തുടർന്ന് തമിഴ്നാട്ടിൽ നിന്നും പൂക്കൾ എത്തുന്നതും കുറഞ്ഞതോടെ വിലയും വർധിച്ചു. ഇതോടെ പല കടകളും അടച്ചിട്ടിരിക്കുകയാണ്. പത്തിലേറെ തൊഴിലാളികളാണ് ഓരോ കടയിലും ജോലി ചെയ്തിരുന്നത്. കച്ചവടമില്ലാത്തതിനാൽ എല്ലാവർക്കും ജോലി കൊടുക്കാൻ കഴിയാത്ത അവസ്ഥയിലാണ് കട ഉടമകൾ. ആരാധനാലയങ്ങൾ തുറക്കുന്നതോടെ സ്ഥിതി മെച്ചപ്പെടുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാർ.