തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷമുള്ള ആദ്യ യുഡിഎഫ് ഏകോപന സമിതി യോഗത്തിൽ നിന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ വിട്ടുനിൽക്കും. കേന്ദ്ര നേതൃത്വത്തെ രാജിസന്നദ്ധത അറിയിച്ച സാഹചര്യത്തിലാണ് തീരുമാനം.
കെപിസിസി അധ്യക്ഷനെന്ന നിലയിലാണ് മുല്ലപ്പള്ളി രാമചന്ദ്രൻ യുഡിഎഫ് യോഗത്തിൽ പങ്കെടുക്കുന്നത്. അധ്യക്ഷ സ്ഥാനത്ത് താൻ തുടരുന്നത് വെറും സാങ്കേതിക അർഥത്തിൽ മാത്രമെന്ന നിലപാടിലാണ് മുല്ലപ്പള്ളി രാമചന്ദ്രൻ. തന്നെ ഒറ്റ തിരിഞ്ഞ് ആക്രമിക്കുന്നതായും മുല്ലപ്പള്ളിക്ക് ആക്ഷേപമുള്ള സാഹചര്യത്തിലാണ് ഈ വിട്ടു നിൽക്കൽ.
നിയമസഭ തെരഞ്ഞെടുപ്പിൽ ഉണ്ടായ കനത്ത തിരിച്ചടിയുടെ കാരണങ്ങൾ യോഗം വിലയിരുത്തും. യോഗത്തിൽ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനം ഉയർന്നേക്കും. കോൺഗ്രസിൻ്റെ സംഘടന ദൗർബല്യങ്ങൾ തിരിച്ചടിയായി എന്ന വിമർശനം യോഗത്തിൽ ഉയർന്നേക്കും. യുഡിഎഫ് ചെയർമാനായി വി.ഡി സതീശൻ വരുമോ എന്നതിലും തീരുമാനം ആകും.
രമേശ് ചെന്നിത്തല തന്നെ യുഡിഎഫ് ചെയർമാനായി തുടരണമെന്ന് ആവശ്യപ്പെടുന്നവരും നിലവിലുണ്ട്. പ്രതിപക്ഷ നേതാവ് തന്നെ യുഡിഎഫ് ചെയർമാൻ ആവുക എന്നതാണ് കാലങ്ങളായുള്ള രീതി. സർക്കാരിനോട് സ്വീകരിക്കേണ്ട നിലപാടുകൾ സംബന്ധിച്ചും യോഗം ചർച്ച ചെയ്യും. രാവിലെ 11 മണിക്ക് കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിൽ ചേർന്ന യോഗം പുരോഗമിക്കുകയാണ്.