തിരുവനന്തപുരം: പത്തനംതിട്ട ചിറ്റാർ സപ്ലൈകോ സൂപ്പർമാർക്കറ്റിലെ ജീവനക്കാരൻ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന കേസിൽ വിജിലൻസ് എഫ്‌ഐആര്‍ സമർപ്പിച്ചു. തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതിയിലാണ് പത്തനംതിട്ട വിജിലൻസ് അന്വേഷണ സംഘം എഫ്‌ഐആര്‍ സമർപ്പിച്ചത്. ചിറ്റാർ സപ്ലൈകോ സൂപ്പർമാർക്കറ്റിലെ സെയിൽസ്‌മാനായ കൊല്ലം സ്വദേശി വി.ജയാഘോഷാണ് കേസിലെ ഏക പ്രതി. അഴിമതി നിരോധന നിയമപ്രകാരവും ഇന്ത്യൻ ശിക്ഷ നിയമപ്രകാരവുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 2009 ഒക്‌ടോബർ 25 മുതൽ 2012 മാർച്ച് 31 വരെയുള്ള മൂന്ന് വർഷ കാലയളവിൽ സൂപ്പർ മാർക്കറ്റിലെ സാധനങ്ങളുടെ വിതരണത്തിലും തുകയിലും ക്രമക്കേട് നടന്നതായി ഓഡിറ്റില്‍ കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടുന്നത്.
സബ്‌സിഡി ഇനത്തിൽ സാധരണക്കാരിൽ എത്തേണ്ടിയിരുന്ന സാധനങ്ങളിലും ക്രമക്കേട് നടന്നതായി കണ്ടെത്തിയിരുന്നു. സർക്കാർ ഖജനാവിലേയ്ക്ക് ലഭിക്കേണ്ട 8,18,917.93 രൂപ സാമ്പത്തിക നഷ്‌ടം വരുത്തി വിശ്വാസ വഞ്ചന ചെയ്‌തു എന്നാണ് വിജിലൻസ് കണ്ടെത്തൽ. ആദ്യം ക്രൈംബ്രാഞ്ച് അന്വേഷിച്ച കേസ് സർക്കാർ നിർദ്ദേശപ്രകാരമാണ് വിജിലൻസിന് കൈമാറിയത്.