തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി തുടരാൻ സാധ്യതയെന്ന് സാമ്പത്തിക അവലോകന റിപ്പോർട്ട്. കേന്ദ്ര നയങ്ങളാണ് സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി തുടരാൻ കാരണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. സ്ഥാപനങ്ങൾ എടുക്കുന്ന വായ്‌പ അടക്കം പൊതു കടത്തിൽ ഉൾപ്പെടുത്തിയത് പ്രതിസന്ധി വർധിപ്പിക്കുകയാണ്.
ഇതുമൂലം സംസ്ഥാനത്തിന് വലിയ വർധന ഉണ്ടായതായി അവലോകന റിപ്പോർട്ടില്‍ പരാമർശിക്കുന്നു. 2.10 ലക്ഷം കോടി രൂപയായി സംസ്ഥാനത്തിന്‍റെ പൊതു കടം വർധിച്ചിട്ടുണ്ട്. 2020-21ൽ ഇത് 1.90 ലക്ഷം കോടി രൂപയായിരുന്നു.
മൂലധന ചെലവിലും വർധനവുണ്ടായിട്ടുണ്ട്. 15,438 കേടിയിൽ നിന്ന് 17,046 കോടിയായാണ് മൂലധന ചിലവ് ഉയർന്നത്. ശമ്പള ചെലവിലും വര്‍ധനവ് ഉണ്ടായിട്ടുണ്ട്.
റവന്യു ചെലവിന്‍റെ 22.46 ശതമാനത്തിൽ നിന്ന് 30.44 ശതമാനമായാണ് ശമ്പള ചെലവ് വർധിച്ചത്. പെൻഷൻ ചെലവ് 15.35 ശതമാനത്തിൽ നിന്ന് 18.40 ശതമാനമായി വർധിച്ചു. എന്നാൽ, പരിശീലനത്തിലെ ചെലവ് 16.99 ശതമാനത്തിൽ നിന്ന് 15.94 ശതമാനമായി കുറഞ്ഞിട്ടുണ്ട്.
സാമ്പത്തിക പ്രതിസന്ധി തുടരാൻ സാധ്യതയുള്ളതിനാൽ ചെലവുകൾ നിയന്ത്രിക്കണമെന്നും സാമ്പത്തിക അവലോകന റിപ്പോർട്ടുകളില്‍ നിർദേശമുണ്ട്. റവന്യൂ ചിലവ് യുക്തിസഹമാക്കണം. കൂടാതെ, ചെലവിന് മുൻഗണനാക്രമം നിശ്ചയിക്കണമെന്നും അധിക വരുമാനം സമാഹരിക്കണമെന്നും സാമ്പത്തിക അവലോകനം റിപ്പോർട്ടിൽ നിർദേശമുണ്ട്.