തിരുവനന്തപുരം: ജിഎസ്‌ടി നഷ്ടപരിഹാരത്തിനായി കേന്ദ്രം വായ്പയെടുക്കില്ലെന്ന തീരുമാനത്തിനെതിരെ ധനമന്ത്രി ടി.എം തോമസ് ഐസക്. കേന്ദ്ര സർക്കാരിന്‍റെ നടപടി നിയമവിരുദ്ധമാണെന്ന് തോമസ് ഐസക് പറഞ്ഞു. ചരക്ക് സേവന നികുതി നടപ്പാക്കിയതിനാൽ സംസ്ഥാനങ്ങൾക്കുള്ള നഷ്ടപരിഹാരത്തിന് വായ്പ എടുക്കാൻ തയ്യാറല്ലെന്ന കേന്ദ്രനിലപാട് ഏകപക്ഷീയമാണ്. ജിഎസ്‌ടി കൗൺസിലിന്‍റെ ധാരണയെ തന്നെ ചോദ്യം ചെയ്യുന്നതാണ് നിലപാടെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുമായി ചർച്ച ചെയ്ത ശേഷം നിയമനടപടി സ്വീകരിക്കും. മറ്റ് സംസ്ഥാനങ്ങളുമായും ചർച്ച ചെയ്യും. എതിരഭിപ്രായമുള്ള ഒന്‍പത് സംസ്ഥാനങ്ങളുമായി ആലോചിച്ച് സുപ്രീംകോടതിയെ സമീപിക്കുമെന്നും ധനമന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാർ ജീവനക്കാരുടെ ശമ്പളം മാറ്റി വയ്ക്കുന്ന കാര്യത്തിൽ ധൃതിയില്ല. ജീവനക്കാരുമായി സമവായത്തിലെത്താതെ ശമ്പളം പിടിക്കുന്നത് നടപ്പാക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.