തിരുവനന്തപുരം: കടുവ ആക്രമണത്തില്‍ കർഷകന്‍ മരിച്ച സംഭവത്തിൽ ചികിത്സ വൈകിയെന്ന പരാതിയില്‍ വയനാട് മെഡിക്കല്‍ കോളജിന്‍റെ ഭാഗത്ത് വീഴ്‌ചയുണ്ടായിട്ടില്ലെന്ന് അന്വേഷണ റിപ്പോർട്ട്. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്‌ടര്‍ അരോഗ്യവകുപ്പ് മന്ത്രിക്ക് നൽകിയ റിപ്പോര്‍ട്ടിലാണ് മെഡിക്കല്‍ കോളജിന് ക്ലീൻ ചീറ്റ് നൽകിയിരിക്കുന്നത്.
കർഷകനെ മാരകമായി കടുവ ആക്രമിച്ചിരുന്നു. ഇതിനാൽ ധാരാളം മുറിവുകള്‍ ശരീരത്തിൽ ഉണ്ടാവുകയും രക്തസ്രാവമുണ്ടാകുകയും ചെയ്‌തു. സര്‍ജന്‍ ഉള്‍പ്പെടെ സീനിയര്‍ ഡോക്‌ടര്‍മാര്‍ രോഗിയെ പരിശോധിച്ചിരുന്നു.
പോസ്‌റ്റ്‌മോര്‍ട്ടത്തിലെ കണ്ടെത്തല്‍: രോഗിയെ സ്റ്റൈബിലൈസ് ചെയ്‌ത ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ 108 ആംബുലന്‍സിലാണ് കൊണ്ടുപോയത്. സ്റ്റാഫ് നഴ്‌സ് ഉള്‍പ്പെടെയുള്ളവര്‍ ഒപ്പമുണ്ടായിരുന്നു. ഈ യാത്രക്കിടയിലാണ് ഹൃദയസംബന്ധമായ രോഗം കാരണം രോഗി ഗുരുതരാവസ്ഥയിലേക്ക് നീങ്ങിയത്. മുറിവുകളില്‍ നിന്നും ഉണ്ടായ അമിത രക്തസ്രാവം മൂലമുണ്ടായ ഷോക്ക് കാരണം മരണം സംഭവിച്ചുവെന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തിലെ കണ്ടെത്തലെന്നും റിപ്പോര്‍ട്ടിലുണ്ട്.
കടുവയുടെ ആക്രമണത്തിനിരായ തോമസിന് ആവശ്യമായ ചികിത്സ ലഭിച്ചില്ലെന്ന് കുടുംബം ആരോപിച്ചിരുന്നു. മൃഗമല്ല മനുഷ്യരാണ് തോമസിനെ കൊന്നതെന്നും വീട്ടിൽ സന്ദർശനത്തിനെത്തിയ മന്ത്രിമാരോട് കുടുംബം പരാതി പറഞ്ഞിരുന്നു. ഇതേ തുടർന്നാണ് ആരോഗ്യവകുപ്പ് മന്ത്രി റിപ്പോർട്ട് ആവശ്യപ്പെട്ടത്.
മരിച്ച കര്‍ഷകന്‍റെ മകളുടെ പ്രതികരണം: ആശുപത്രിയില്‍ പ്രവേശിപ്പിച്ച തോമസിന് മതിയായ ചികിത്സ നല്‍കിയില്ലെന്നായിരുന്നു കുടുംബത്തിന്‍റെ ആരോപണം.'മെഡിക്കല്‍ കോളജില്‍ ഡോക്‌ടറോ നഴ്‌സോ ഉണ്ടായിരുന്നില്ല. ആംബുലന്‍സ് സൗകര്യം പോലും അനുവദിച്ചില്ല. ഡ്രിപ്പ് ഇടാന്‍ പോലും ആരുമുണ്ടായിരുന്നില്ല. എന്‍റെ ചാച്ചനോ പോയി. വേറെയാര്‍ക്കും ഇങ്ങനെയൊരു ഗതി വരുത്തരുത്..' തോമസിന്‍റെ മകൾ സോന പറഞ്ഞു.
വയനാട് ജില്ല ആശുപത്രിയെ മെഡിക്കൽ കോളജായി ഉയർത്തിയെങ്കിലും മതിയായ സൗകര്യമില്ലെന്ന ആക്ഷേപവും ശക്തമാണ്. സംഭവത്തിന് പിന്നാലെ ജില്ല കോൺഗ്രസ് കമ്മിറ്റി ഇന്നലെ രാവിലെ മെഡിക്കൽ കോളജിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. കടുവയുടെ ആക്രമണത്തെ തുടര്‍ന്ന് പരിക്കേറ്റ പള്ളിപ്പുറത്ത് തോമസ് (സാലു-50) ഈ മാസം 12നാണ് മരിക്കുന്നത്.
വീടിന്‍റെ സമീപത്ത് വച്ചായിരുന്നു ഇയാളെ കടുവ ആക്രമിച്ചത്. കടുവയുടെ ആക്രമണത്തില്‍ തോമസിന്‍റെ വലതുകാലിന് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടര്‍ന്ന് വയനാട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച കര്‍ഷകനെ വിദഗ്‌ധ ചികിത്സയ്‌ക്കായി കോഴിക്കോടേക്ക് മാറ്റുന്നതിനിടെയാണ് മരണം സംഭവിച്ചത്.