തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദത്തെ തുടർന്ന് വിഴിഞ്ഞത്ത് അതിജാഗ്രതാ നിർദേശം. ഉൾക്കടലിൽ പോയ മത്സ്യതൊഴിലാളികളെ തിരികെ വിളിച്ചു. കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാലാണ് തീരപ്രദേശങ്ങളിൽ മുന്നറിയിപ്പ് നൽകിയത്. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ മത്സ്യതൊഴിലാളികൾ കടലിൽ പോകുന്നത് നിരോധിച്ചു. പൊഴിയൂർ മുതൽ അഞ്ചുതെങ്ങ് വരെ മറൈൻ എൻഫോഴ്സിന്‍റെ നേതൃത്വത്തിൽ മൈക്ക് അനൗൺസ്മെന്‍റ് നടത്തി. ഉൾക്കടലിൽ ഉള്ളവരെ സാറ്റലൈറ്റ് ഫോൺ വഴി ബന്ധപ്പെട്ട് വിവരം നൽകിയതായി അധികൃതർ പറഞ്ഞു.
മത്സ്യ ബന്ധനം നിരോധിച്ചതോടെ പ്രതിസന്ധിയിലായ തൊഴിലാളികൾക്ക് ഇതിന് ബദൽ വരുമാന മാർഗം നൽകണമെന്നാണ് മത്സ്യതൊഴിലാളികളുടെ ആവശ്യം. സുരക്ഷാ കിറ്റ് ഉൾപ്പെടെയുള്ള സാധനങ്ങൾ അടിയന്തരമായി നൽകണമെന്നും മത്സ്യതൊഴിലാളികൾ ആവശ്യപ്പെട്ടു.