തിരുവനന്തപുരം: എക്‌സൈസ് വകുപ്പ് പുത്തന്‍ വാഹനങ്ങള്‍ നിരത്തിലിറക്കി. തിരുവനന്തപുരം എക്‌സൈസ് ഹെഡ് ക്വാട്ടേഴ്സിൽ നടന്ന ചടങ്ങിൽ എക്സൈസ് കമ്മീഷണർ ഋഷിരാജ് സിങ് വാഹനങ്ങളുടെ ഫ്ളാഗ് ഓഫ് നിർവഹിച്ചു. എക്‌സൈസ് സ്ക്വാഡുകളുടെ പ്രവർത്തന ശേഷി വർധിപ്പിക്കുന്നതിനും ഉദ്യോഗസ്ഥരുടെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കാനുമാണ് വാഹനങ്ങൾ വാങ്ങിയതെന്ന് ഋഷിരാജ് സിങ്ങ് പറഞ്ഞു.
പുതിയതായി ആരംഭിച്ച സർക്കിൾ ഓഫീസുകൾക്കും ജനമൈത്രി സ്പെഷ്യൽ സ്ക്വാഡുകൾക്കുമായി ഒന്‍പത് വാഹനങ്ങളാണ് വാങ്ങിയിരിക്കുന്നത്. വർക്കല, പത്തനാപുരം, ഇടുക്കി, താമരശ്ശേരി, ഇരിട്ടി, വെള്ളരിക്കുണ്ട് തുടങ്ങിയ സർക്കിൾ ഓഫീസുകൾക്കും 2017ൽ പ്രവർത്തനം ആരഭിച്ച നിലമ്പൂർ, ദേവികുളം ജനമൈത്രി സ്പെഷ്യൽ സ്ക്വാഡുകൾക്കും പുതുതായി വാഹനം അനുവദിച്ചിട്ടുണ്ട്. 59,25,825 രൂപയാണ് വാഹനങ്ങൾ വാങ്ങുന്നതിനായി വകുപ്പ് ചെലവഴിച്ചിരിക്കുന്നത്. ഇതോടൊപ്പം നർക്കോടിക് കൺട്രോൾ മുഖേന എൻ.ഇ.എസ് അടിമാലി ഓഫീസിനും പുതിയ വാഹനം ലഭ്യമാക്കിയിട്ടുണ്ട്. വനിത പട്രോളിംഗ് സ്ക്വാഡിന് വേണ്ടി വാങ്ങിയ 41സ്കൂട്ടറുകളും ചെക്പോസ്റ്റ് ആവശ്യങ്ങൾക്കായുള്ള ഏഴ് ബൈക്കുകളും ഉടൻ തന്നെ വിതരണം ചെയ്യും.