തിരുവനന്തപുരം: നിയാസഭാ കയ്യാങ്കളി കേസിൽ മന്ത്രിമാരായ ഇപി ജയരാജൻ, കെടി ജലീൽ എന്നിവർക്ക് ജാമ്യം. 35,000 രൂപ വീതം കെട്ടിവച്ചാണ് ഇരുവരും ജാമ്യം എടുത്തത്. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ആർ ജയകൃഷ്ണനാണ് കേസ് പരിഗണിച്ചത്. മന്ത്രിമാർ ഹാജരാകണം എന്ന സിജെഎം കോടതി നിർദ്ദേശം സ്റ്റേ ചെയ്യണം എന്ന സർക്കാർ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു. ഇതേ തുടർന്നാണ് ഇരുവരും കോടതിയിൽ നേരിട്ട് എത്തിയത്. മന്ത്രിമാർ ഉൾപ്പെടെയുള്ള ആറു പ്രതികളും കോടതിയിൽ ഹാജരായതോടെ കുറ്റപത്രം വായിക്കുവാൻ കോടതി തീരുമാനിച്ചു. എന്നാൽ ആറു പ്രതികൾക്കും വിടുതൽ ഹർജി സമർപ്പിക്കാൻ ഉണ്ടെന്ന് കോടതിയെ അറിയിച്ചതിന് തുടർന്ന് കോടതി കുറ്റപത്രം വായിക്കുന്നത് മാറ്റിവച്ചു. കേസ് അടുത്ത മാസം 12 ന് സിജെഎം കോടതി വീണ്ടും പരിഗണിക്കും.
മന്ത്രിമാരായ ഇപി ജയരാജൻ, കെടി ജലീൽ, എംഎൽഎമാരായ കെ അജിത്, കെ കുഞ്ഞുമുഹമ്മദ്, സികെ സദാശിവൻ, വി ശിവൻകുട്ടി എന്നിവർക്കെതിരെയാണ് സ്‌പീക്കറുടെ കസേര, എമർജൻസി ലാംബ്, മൈക്ക് യൂണിറ്റുകൾ, ഡിജിറ്റൽ ക്ലോക്ക്, മോണിറ്റർ, ഹെഡ്‍ഫോൺ എന്നിവ നശിപ്പിച്ചത് വഴി രണ്ട് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചു എന്ന് കാട്ടി ക്രൈംബ്രാഞ്ച് കേസ് എടുത്തത്.
2015 മാർച്ച് 13 ന് കെഎം മാണി ബജറ്റ് അവതരിപ്പിക്കുമ്പോൾ അന്നത്തെ പ്രതിപക്ഷ എംഎൽഎമാരായിരുന്ന കെടി ജലീൽ അടക്കമുള്ള ആറ് പേരായിരുന്നു നിയമസഭയ്ക്കുളിൽ നാശനഷ്‌ടം വരുത്തിയത്. മന്ത്രിമാർ കേസ് പരിഗണിച്ചപ്പോൾ എത്താതിരുന്നത് കാരണം കോടതി നടപടികൾ ഒരു മണിക്കൂർ നിർത്തിവച്ചിരുന്നു.