തിരുവനന്തപുരം: 'എന്‍റെ കേരളം' പ്രദര്‍ശന വിപണന മേളയുടെ മാധ്യമ പുരസ്‌കാരം ഇടിവി ഭാരത് സ്വന്തമാക്കി. രണ്ടാം പിണറായി സര്‍ക്കാരിന്‍റെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് കനകക്കുന്നില്‍ സംഘടിപ്പിച്ച മേളയിലെ സമഗ്ര കവറേജിനാണ് പുരസ്‌കാരം. വിവിധ വകുപ്പുകളുടെ സ്റ്റാളുകള്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകളാണ് ഇടിവി ഭാരത് നല്‍കിയത്.
സര്‍ക്കാര്‍ വാര്‍ഷികാഘോഷങ്ങളുടെ സമാപന വേദിയായ നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ വികെ പ്രശാന്ത് എംഎല്‍എയാണ് പുരസ്‌കാരം ഇടിവി ഭാരതിന് സമ്മാനിച്ചത്. റിപ്പോര്‍ട്ടര്‍മാരായ സൂരജ് സുരേന്ദ്രന്‍, റമീസ് മുഹമ്മദ്, ജി നന്ദന്‍ എന്നിവരാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്. 2018ലെ പ്രളയകാലത്തെ കേരള ഫയര്‍ ആന്‍ഡ് റെസ്‌ക്യു വകുപ്പ് നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങള്‍, വിവിധ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്ന അത്യാധുനിക ഉപകരണങ്ങള്‍, അത്യാഹിതത്തില്‍പ്പെടുമ്പോള്‍ ജനങ്ങളെ രക്ഷപ്പെടുത്താനുള്ള ഉപാധികള്‍ എന്നിവയാണ് മേളയില്‍ ഫയര്‍ഫോഴ്‌സ് അണിനിരത്തിയത്.
ജയില്‍ വകുപ്പിന്‍റെ വിവിധ പദ്ധതികള്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള രാഷ്ട്രീയ തടവുകാരുടെ ജയില്‍വാസക്കാലത്തെ കത്തുകള്‍, ജയില്‍ വകുപ്പിന്‍റെ വിവിധ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ എന്നിവയാണ് പൊലീസ് വകുപ്പ് ഒരുക്കിയത്. പുറമെ പൊലീസ് വകുപ്പിന്‍റെ അത്യാധുനിക ഡ്രോണുകള്‍, തോക്ക് ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍, സ്ത്രീകള്‍ക്കുള്ള സ്വയരക്ഷ തുടങ്ങിയവ സംബന്ധിച്ച പ്രദര്‍ശനവും ഒരുക്കിയിരുന്നു. കേരള സ്റ്റേറ്റ് ശാസ്ത്ര സാങ്കേതിക മ്യൂസിയം ആന്‍ഡ് പ്രിയദര്‍ശിനി പ്ലാനറ്റോറിയം ഒരുക്കിയ ശാസ്ത്ര അറിവുകള്‍ സംബന്ധിച്ച കാരവാന്‍ തുടങ്ങിയവ മേളയില്‍ കൂടുതല്‍ ജനശ്രദ്ധ ആകര്‍ഷിച്ച സ്റ്റാളുകളായിരുന്നു. ഇവ സമഗ്രമായി ഇടിവി ഭാരത് റിപ്പോര്‍ട്ട് ചെയ്‌തുവെന്ന് ജൂറി വിലയിരുത്തി. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഇടിവിയെ, ഓണ്‍ലൈന്‍ വിഭാഗത്തിലെ സമഗ്ര കവറേജിനുള്ള പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്.
കുട്ടികളുടെ രാജ്യാന്തര ചലച്ചിത്രമേളയിലും തിളങ്ങിയത് ഇടിവി ഭാരത്: ഒരാഴ്‌ച നീണ്ടുനിന്ന രണ്ടാമത് കുട്ടികളുടെ രാജ്യാന്തര ചലച്ചിത്രമേളയിൽ ഇടിവി ഭാരതിന് മികച്ച റിപ്പോർട്ടിങ്ങിനുള്ള പുരസ്‌കാരം നേടി. പ്രവർത്തനമാരംഭിച്ച് മൂന്നാം മാസത്തിലാണ് ഓൺലൈൻ വിഭാഗത്തിൽ ഇടിവി അവാർഡ് സ്വന്തമാക്കിയത്. മേളയുടെ സമാപന ചടങ്ങ് നടന്ന 2019 മെയ് 16ന് സംവിധായകൻ അടൂർ ഗോപാലകൃഷ്‌ണനില്‍ നിന്നുമാണ് റിപ്പോർട്ടർ ബിനോയ് കൃഷ്‌ണന്‍ അവാർഡ് ഏറ്റുവാങ്ങിയത്.
2019ല്‍ കയര്‍ കേരള പുരസ്‌കാരം ഇടിവി ഭാരതിന്: സംസ്ഥാന സര്‍ക്കാരിന്‍റെ കയര്‍ കേരള പുരസ്‌കാരം ഇടിവി ഭാരത് സ്വന്തമാക്കിയിരുന്നു. മികച്ച ഓണ്‍ലൈൻ റിപ്പോര്‍ട്ടിങിന് ഇടിവി ഭാരതിന്‍റെ ആലപ്പുഴ റിപ്പോര്‍ട്ടര്‍ ഇര്‍ഫാൻ ഇബ്രാഹിം സേട്ട് അര്‍ഹനായി. 2019 ഡിസംബര്‍ എട്ടിനാണ് പുരസ്‌കാരം സ്വീകരിച്ചത്. കയര്‍ കേരള സമാപന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ അന്നത്തെ ധനകാര്യമന്ത്രി തോമസ് ഐസക് വിതരണം ചെയ്‌തു.
READ MORE | കയര്‍ കേരള പുരസ്‌കാരം ഇടിവി ഭാരതിന്
ഐഎഫ്എഫ്കെ: ഇടിവി ഭാരതിന് പ്രത്യേക ജൂറി പുരസ്‌കാരം: തലസ്ഥാനത്ത് കെടിയിറങ്ങിയ ഐഎഫ്എഫ്കെ രാജ്യാന്തര ഫിലിം ഫെസ്റ്റിവല്‍ റിപ്പോര്‍ട്ടിങില്‍ ഇടിവി ഭാരതിന് പ്രത്യേക ജൂറി പരമാര്‍ശം. മേളയിലെ സിനിമകളെ പരിചയപ്പെടുത്തുകയും പ്രേകഷകരുടെ വികാരം അതേപടി പ്രതിഫലിപ്പിക്കുന്ന വാര്‍ത്തകള്‍ നല്‍കിയതും കണക്കിലെടുത്താണ് ഇടിവി ഭാരതിന് പ്രത്യക ജൂറി പരാമര്‍ശം ലഭിച്ചത്. 2022 മാര്‍ച്ച് 25നാണ് പുരസ്‌കാരനേട്ടം.