തിരുവനന്തപുരം : ഇടത് മുന്നണിയുടെ (എൽഡിഎഫ്) അടിയന്തര നേതൃയോഗം ഇന്ന് ചേരും. എകെജി സെന്‍ററിൽ വൈകിട്ട് മൂന്നരയ്ക്കാണ് യോഗം. എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് അടക്കമുള്ള കേന്ദ്ര ഏജൻസികളുടെ അന്വേഷണം സംസ്ഥാനത്ത് വ്യാപകമാകുന്ന സാഹചര്യം യോഗം ചർച്ച ചെയ്‌തേക്കും.
സർക്കാരിന്‍റെ വാർഷികാഘോഷം, വിവിധ പദ്ധതികളുടെ അവലോകനം തുടങ്ങിയവയാണ് പ്രധാന അജണ്ടകൾ. എൽഡിഎഫ് കൺവീനർ ഇ പി ജയരാജന്‍ യോഗത്തിൽ പങ്കെടുക്കും.
സി.എം രവീന്ദ്രനെ ചോദ്യം ചെയ്യും: അതേസമയം ലൈഫ് മിഷൻ അഴിമതിയിൽ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റ് വീണ്ടും ചോദ്യം ചെയ്യും. ലൈഫ് മിഷനിലെ അഴിമതിയുമായി ബന്ധപ്പെട്ട എല്ലാ നടപടികളും സി എം രവീന്ദ്രന്‍റെ അറിവോടെയാണെന്ന സ്വപ്‌ന സുരേഷിന്‍റെ ആരോപണത്തിന് പിന്നാലെയാണ് ചോദ്യം ചെയ്യൽ.
ലൈഫ് മിഷൻ ഭവന പദ്ധതിക്കുവേണ്ടി ലഭിച്ച 19 കോടി രൂപയുടെ വിദേശ സഹായത്തിൽ നിന്നും 4.50 കോടി രൂപ കോഴയായും കമ്മിഷനായും സി എം രവീന്ദ്രൻ തട്ടിയെടുത്തുവെന്നാണ് കേസ്. കേസിലെ പ്രതികളായ സ്വപ്‌ന സുരേഷും പി.എസ് സരിത്തും സി എം രവീന്ദ്രനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്.
കേസുമായി ബന്ധപ്പെട്ട് സി എം രവീന്ദ്രനെ ഇന്നലെയും ഇഡി ചോദ്യം ചെയ്‌തിരുന്നു. രാവിലെ 10 മണിക്ക് ആരംഭിച്ച ചോദ്യം ചെയ്യൽ രാത്രി 8 മണിയോടെയാണ് അവസാനിച്ചത്.