തിരുവനന്തപുരം: സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. സമാധാനപരമായും സുരക്ഷിതമായും തെരഞ്ഞെടുപ്പ് നടത്താൻ പൂർണ സജ്ജമാണെന്നും ടിക്കാറാം മീണ അറിയിച്ചു.
2,61,51,534 വോട്ടർമാരാണ് സംസ്ഥാനത്ത് ഇക്കുറി പോളിംഗ് ബൂത്തിലേക്ക് എത്തുന്നത്. ഇതിൽ 1,26,84,839 പുരുഷ വോട്ടർമാരും 1,34,66,521 വനിതാ വോട്ടർമാരുമാണ്. 174 ഭിന്നലിംഗക്കാര്‍ ഇക്കുറി വോട്ട് ചെയ്യും. ഏറ്റവും കൂടുതൽ വോട്ടർമാർ മലപ്പുറത്താണ് കുറവ് വയനാട്. 2,88,191 പേർ കന്നി വോട്ടർമാരാണ്.
24,970 പോളിംഗ് ബൂത്തുകളാണ് സംസ്ഥാനത്തുള്ളത്. വയനാട്, കണ്ണൂർ, മലപ്പുറം, കോഴിക്കോട് എന്നിവിടങ്ങളിലായി 219 മാവോയിസ്റ്റ് ഭീഷണിയുള്ള ബൂത്തുകൾ ഉണ്ട്. 359 അതീവ പ്രശ്നബാധിത ബൂത്തുകളും 831 പ്രശ്നബാധിത ബൂത്തുകളുമാണ് സംസ്ഥാനത്തുള്ളത്. സുരക്ഷക്കായി 57 കമ്പനി കേന്ദ്രസേനയും സ്ട്രോങ്ങ് റൂമുകളുടെ സുരക്ഷക്കായി 12 കമ്പനി സേനയും ഉണ്ടാകും. എന്നാൽ ഇത് മതിയാകില്ലെന്നും കൂടുതൽ സേനയെ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ടിക്കാറാം മീണ പറഞ്ഞു. പ്രശ്ന സാധ്യതയുള്ള 3621 പോളിങ് ബൂത്തുകളിൽ വെബ് കാസ്റ്റിങ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഭിന്നശേഷിക്കാരായ വോട്ടർമാർക്ക് പോളിംഗ് സ്റ്റേഷനിൽ എത്താൻ വാഹന സൗകര്യം ഉൾപ്പെടെയുള്ളവ കമ്മീഷണൻ ഒരുക്കിയിട്ടുണ്ട്.