തിരുവനന്തപുരം: പീഡന കേസിലെ പരാതിക്കാരിയെ മർദിച്ചു എന്ന കേസിൽ എൽദോസ് കുന്നപ്പിള്ളി നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി. കേസിന്‍റെ വിധി നവംബർ 3 ന് പറയും. എൽദോസിന് ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷൻ വാദിച്ചു.
ഏഴാം അഡിഷണൽ സെഷൻസ് കോടതിയാണ് വാദം പരിഗണിച്ചത്. വഞ്ചിയൂരിലെ കെട്ടിടത്തിന്‍റെ ആറാം നിലയിലുള്ള വക്കീൽ ഓഫിസിലേക്ക് പരാതിക്കാരിയെ എത്തിച്ചത് എൽദോസ് ആയിരുന്നു. ഇവിടെ വച്ച് മർദിച്ച കാര്യം ഒക്‌ടോബര്‍ 10ന് നൽകിയ മൊഴിയിൽ യുവതി പറഞ്ഞിരുന്നു. ഇക്കാര്യം പൊലീസിനും മജിസ്‌ട്രേറ്റിനും നൽകിയ രഹസ്യ മൊഴിലും ഉണ്ടായിരുന്നു.
ഇത് അനുസരിച്ച് ഒക്‌ടോബര്‍ 11 ന് മജിസ്‌ട്രേറ്റ് ഓഫീഷ്യൽ മെമ്മറാണ്ടം (ഒഎം) വഞ്ചിയൂർ പൊലീസിന് അയച്ചിരുന്നു. ഇത് അനുസരിച്ചാണ് കേസ് രജിസ്റ്റർ ചെയ്‌തത്. ഒരു സ്‌ത്രീയുടെ വസ്‌ത്രം വലിച്ചു കീറിയാൽ എന്ത് സംഭവിക്കും എന്ന് കാര്യം പ്രതിക്ക് ബോധ്യമുള്ളതാണ്. മാത്രവുമല്ല വക്കീൽ ഓഫിസിൽ വച്ച് പരാതിക്കാരിയെ മർദിച്ചപ്പോൾ അവിടെ ഉണ്ടായിരുന്ന അഭിഭാഷകർ പറഞ്ഞിട്ടാണ് മർദനത്തിൽ നിന്നും എംഎൽഎ പിൻതിരിഞ്ഞത്.
ഈ സംഭവത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച പരാതിക്കാരിയെ എൽദോസും മറ്റ് പ്രതികളും ചേർന്ന് കാറിൽ കൊണ്ടു പോകുകയാണ് ചെയ്‌തത്. പ്രതിക്ക് ജാമ്യം അനുവദിക്കരുതെന്നും പരാതിക്കാരിയെ കൊണ്ടു പോയ മാരുതി കാർ കണ്ടെടുക്കണമെന്നും ഇവരിൽ നിന്നും വാങ്ങിയ രേഖകൾ കണ്ടെടുക്കണമെന്നും പ്രതിക്ക് ജാമ്യം അനുവദിക്കരുതെന്നും പബ്ലിക് പ്രോസിക്യൂട്ടർ വാദിച്ചു.
കോടതി എല്‍ദോസിന് ജാമ്യം അനുവദിച്ചപ്പോഴാണോ പൊലീസിന് ഇക്കാര്യം ഓര്‍മ വന്നത് എന്ന് പ്രതിഭാഗം വാദിച്ചു. കേസ് രജിസ്റ്റര്‍ ചെയ്യാന്‍ കാലതാമസം ഉണ്ടായത് എന്തുകൊണ്ടാണെന്ന് ജഡ്‌ജി പ്രസൂൺ മോഹൻ പ്രോസിക്യൂട്ടറോട് ആരാഞ്ഞു. നിയമ ഉപദേശം തേടാനുള്ള കാലതാമസം എന്നാണ് ഇതിന് പ്രോസിക്യൂട്ടർ നൽകിയ മറുപടി.
ഒക്‌ടോബർ 10ന് പരാതിക്കാരി നൽകിയ മൊഴി പൊലീസ് വളച്ചൊടിക്കുകയായിരുന്നോ എന്നും കോടതി ആരാഞ്ഞു. സ്‌ത്രീത്വത്തെ അപമാനിക്കൽ, വ്യാജ രേഖ ചമയ്ക്കൽ, മർദനം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് വഞ്ചിയൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തത്.