തിരുവനന്തപുരം: ബലാത്സംഗ കേസിൽ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളി നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി. ഈ മാസം 20ന് തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയാണ് കേസിൽ വിധി പറയും. പരാതിക്കാരിയെ എംഎൽഎ, പലസ്ഥലങ്ങളിൽ കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ചെന്നും ദേഹോപദ്രവം ഏൽപ്പിച്ചെന്നുമായിരുന്നു കേസ്.
പ്രതിയുടെ മുൻകൂർ ജാമ്യ അപേക്ഷയെ എതിർത്ത പ്രോസിക്യൂഷൻ കോവളം സി.ഐ അടക്കമുള്ള ഉന്നതരെ ഉപയോഗിച്ച് കേസ് ഒത്തുതിർക്കുവാൻ ശ്രമിച്ചുവെന്നും കോടതിയിൽ വാദിച്ചു. വാദത്തിന് ബലം നൽകാൻ പരാതിക്കാരിയുടെ മൊഴിയും നിലവിൽ ശേഖരിച്ച തെളിവുകളും പ്രോസിക്യൂഷൻ ഹാജരാക്കിയിരുന്നു. പരാതികാരിയെ തട്ടിക്കൊണ്ടു പോയതിൽ നിരവധി പേർക്ക് പങ്കുണ്ട്.
പ്രതിയുടെ മൊബൈൽ ഫോൺ മോഷണം പോയെന്ന് പരാതി നൽകുന്നത് പ്രതിക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്‌തതിന് ശേഷമാണ്. ഒരു സ്ത്രീ പീഡന പരാതി നൽകിയാൽ അന്വേഷിക്കണ്ടത് പൊലീസിന്‍റെ ചുമതലയാണ്. പ്രതിപക്ഷ എം.എൽ.എ എന്ന നിലയിലും പൊലീസിനെ വരെ സ്വാധീനിച്ച കേസ് ആട്ടിമറിക്കാൻ ശ്രമിച്ച പ്രതിയെ നിസാരക്കാരനായി കാണുവാൻ കഴിയില്ലെന്നും പ്രോസിക്യൂട്ടർ എ.എ ഹക്കിം കോടതിയിൽ വാദിച്ചു.
മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ, തനിക്കെതിരായ ബലാത്സംഗ പരാതി കെട്ടിച്ചമച്ചതാണെന്ന് എൽദോസ് കുന്നപ്പിള്ളി വാദിച്ചിരുന്നു. എന്നാൽ സർക്കാറിന്‍റെ സഹായത്തോടെ ഒരു എം.എൽ.എയുടെ രാഷ്ട്രീയ ജീവിതം തകർക്കുവാൻ ശ്രമിക്കുകയാണ് പോലീസ് ചെയ്യുന്നത്. പരാതിക്കാരി നൽകിയ ഹരജിയിൽ ഇല്ലാത്ത കാര്യങ്ങൾ പൊലീസ് സഹായത്തോടെ ഇപ്പോൾ പീഡനക്കേസാക്കി മാറ്റി. ഒരു സിഐക്കും എസ്ഐക്കുമെതിരെ വ്യാജ പരാതി ഉന്നയിച്ച ആളാണ് പരാതിക്കാരി. ഇപ്പോൾ എം.എൽ.എക്കെതിരെ നൽകിയത് 50 മത്തെ പരാതിയാണ്.
എംഎൽഎ കോവളത്ത് വച്ച് ആക്രമിച്ചു എന്നു പറയുന്ന സെപ്‌റ്റംബർ 14ന്, പൊലീസ് സംഭവ സ്ഥലത്തെത്തിയിരുന്നു എന്നും ഈ സമയത്ത് ഒരു പരാതിയും ഉന്നയിച്ചില്ല എന്നും എൽദോസിനായി ഹാജരായ അഭിഭാഷകൻ വാദിച്ചു. അപ്പോൾ പ്രതിയോടൊപ്പം പോയ പരാതിക്കാരി അടുത്ത ദിവസമാണ് മെഡിക്കൽ സർട്ടിഫിക്കറ്റ് ആശുപത്രിയിൽ നിന്ന് വാങ്ങിയത്. കഴിഞ്ഞ മാസം 28ന് പരാതി നൽകുമ്പോൾ ബലാത്സംഗം ചെയ്‌തുവെന്ന് വ്യക്തമാക്കിയിട്ടില്ലെന്നും വാദിച്ചു.
പരാതി ഉണ്ടായിരുന്നുവെങ്കിൽ എന്തു കൊണ്ട് അന്ന് തന്നെ പൊലീസിനോട് പറഞ്ഞില്ല. അതിന് ശേഷം സെപ്‌റ്റംബർ 15ന് തന്നെ പീഡിപ്പിച്ചു എന്ന് പൊലീസിനോട് പരാതി നൽകിയാൽ അത് എങ്ങനെ വിശ്വസിനീയമാകും. 30 ലക്ഷം രൂപ നൽകി കേസ് ഒതുക്കി തീർക്കുവാൻ ശ്രമിച്ചു എന്ന് പറയുന്നത് അടിസ്ഥാന രഹിതമാണ് എന്നും പ്രതിഭാഗം വാദിച്ചു.