തിരുവനന്തപുരം: എന്‍സിഇആര്‍ടി (NCERT) ഒരു വിഭാഗത്തെ ചരിത്രത്തിൽ നിന്നും ഒഴിവാക്കുന്ന നടപടിയാണ് ചെയ്യുന്നതെന്ന വിമര്‍ശനവുമായി വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. ഇന്ത്യയുടെ ചരിത്രം ഒഴിവാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. അതുകൊണ്ടുതന്നെ എൻസിഇആർടി പുനഃസംഘടിപ്പിക്കണമെന്നും സംസ്ഥാനങ്ങളുടെ പ്രതിനിധികളെ ഉൾപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പാഠങ്ങളില്‍ 'അജണ്ഡ' വേണ്ട: ആർഎസ്‌എസ് അജണ്ട ബിജെപി സർക്കാർ പാഠപുസ്‌തകത്തിലൂടെ എത്തിക്കാൻ ശ്രമിക്കുകയാണ്. ഈ രീതി കേരളം അംഗീകരിക്കില്ല. സംസ്ഥാനം ഇക്കാര്യം ഔദ്യോഗികമായി അറിയിക്കുമെന്നും വി.ശിവൻകുട്ടി പറഞ്ഞു. മുൻ വർഷങ്ങളിൽ എൻസിഇആർടി ചരിത്രങ്ങളും മറ്റും പാഠഭാഗങ്ങളിൽ നിന്ന് നീക്കി ഇത്തരം നടപടികൾ സ്വീകരിച്ചപ്പോൾ കേരളം ഇവ പാഠഭാഗത്തിൽ ഉൾപ്പെടുത്തുകയായിരുന്നു. കേരളം അക്കാദമിക കാര്യത്തിനാണ് പരിഗണന നൽകുന്നതെന്നും നിക്ഷിപ്‌ത കാര്യങ്ങൾ പരിഗണിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഭരണഘടന മൂല്യം സംരക്ഷിച്ചിട്ടുള്ളതായിരിക്കും കേരളത്തിന്‍റെ പാഠപുസ്‌തകങ്ങളെന്നും മന്ത്രി അറിയിച്ചു.
വരുന്ന അക്കാദമിക്ക് വർഷത്തിൽ പാചകത്തൊഴിലാളികളുടെ ശമ്പളം പ്രധാന വിഷയമായി ഏറ്റെടുക്കും. കുടിശ്ശിക വരാതെ നോക്കുമെന്നും നിലവിലെ കുടിശ്ശിക തീർത്തുവെന്നും മന്ത്രി പറഞ്ഞു. കണ്ണൂരിലെ സ്‌കൂൾ വിദ്യാർഥിയുടെ ഒറ്റക്കോലം കെട്ടൽ സംഭവം ശ്രദ്ധയിൽപെട്ടിട്ടില്ലെന്നും അന്വേഷിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കേരളം നമ്പര്‍: അതേസമയം കേന്ദ്രസർക്കാരിൻ്റെ പൊതുവിദ്യാഭ്യാസ രംഗത്തെ പെർഫോമൻസ് ഗ്രേഡിങ് ഇൻഡക്‌സിൽ തുടർച്ചയായി നാലാം വർഷവും കേരളം ഒന്നാം ഗ്രേഡ് നിലനിർത്തിയിരുന്നു. വിദ്യാഭ്യാസ രംഗത്തെ പഠന നേട്ടങ്ങൾ, പ്രാപ്യത (വിദ്യാഭ്യാസം എല്ലാവരിലേക്കും), ഭൗതിക സൗകര്യങ്ങൾ, തുല്യത, ഭരണനിർവഹണ പ്രക്രിയ എന്നീ മേഖലകളെ അടിസ്ഥാനമാക്കിയുള്ള വിലയിരുത്തലിലാണ് സംസ്ഥാനത്തിന്‍റെ പ്രകടന മികവ് അഭിനന്ദിക്കപ്പെട്ടത്. ഇതില്‍ തന്നെ സ്‌കൂള്‍ പ്രാപ്യതയിൽ 80 ൽ 79 സ്കോറാണ് സംസ്ഥാനത്തിന് ലഭിച്ചത്. സ്‌കൂൾ പ്രാപ്യതയിൽ കർണാടക -76, ഗുജറാത്ത് -71, അരുണാചൽപ്രദേശ് -59 എന്നിങ്ങനെയായിരുന്നു മറ്റു സംസ്ഥാനങ്ങളുടെ കണക്കുകൾ.
ഇത് നമ്മുടെ വിജയം: എല്ലാവർക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസം എത്തിക്കുക എന്ന ലക്ഷ്യം കൈവരിക്കുന്നതിൻ്റെ തെളിവാണിതെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി ഇതിനോട് നിയമസഭയിൽ പ്രതികരിച്ചിരുന്നു. എല്ലാവരിലും വിദ്യാഭ്യാസം ഉറപ്പിക്കുന്നതിനായും ഗുണമേന്മയുള്ള സൗകര്യങ്ങൾക്കുമായും സംസ്ഥാനം വിവിധ പ്രവർത്തനങ്ങൾ നടപ്പിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഭാഷകളെക്കുറിച്ച് പഠിക്കാൻ പഠന പോഷണ പരിപാടികൾ, രാഷ്ട്രീയ ആവിഷ്‌കാർ അഭിയാൻ, ഇന്നവേഷൻ, ഫൗണ്ടേഷൻ ലിറ്ററസി ആന്‍റ് ന്യൂമറസി, സ്‌കൂൾ ലൈബ്രറി, പ്രീ സ്‌കൂൾ പ്രവർത്തനങ്ങൾ, അധ്യാപക പരിശീലനം, ലൊക്കേഷണലൈസേഷൻ ഓഫ് എഡ്യൂക്കേഷൻ, കലാകായിക വർക്ക് എജുക്കേഷൻ, ജെൻഡർ ഇക്വിറ്റി പ്രോഗ്രാം തുടങ്ങിയ പദ്ധതികൾ സാധ്യമായതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.
എന്നും മുന്നില്‍: കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സംസ്ഥാനങ്ങളുടെ മികവ് വിലയിരുത്തുന്നതിന് വേണ്ടി പെർഫോമൻസ് ഗ്രേഡിങ് ഇൻഡക്‌സ് തയ്യാറാക്കി തുടങ്ങിയത് 2017-18 മുതലാണ്. അന്നുമുതൽ തന്നെ എല്ലാ പെർഫോമൻസ് ഗ്രേഡിങ് ഇൻഡക്‌സിലും സംസ്ഥാനം ഒന്നാം സ്ഥാനം നിലനിർത്തിയതായും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. അതേസമയം ഏറ്റവുമൊടുവില്‍ പുറത്തുവിട്ട 2020- 2021 ലെ പട്ടികയിൽ ആകെ സ്കോറായ 1000 ൽ 928 നേടിയാണ് കേരളം നാലാം തവണയും ഒന്നാം റാങ്ക് നിലനിർത്തിയത്.