തിരുവനന്തപുരം: വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ പുസ്‌തകം തയ്യാറാക്കുന്നതിന് പുറമേ, രക്ഷിതാക്കള്‍ക്കു കൂടി പുസ്‌തകം തയ്യാറാക്കി നല്‍കാനൊരുങ്ങുകയാണ് പൊതുവിദ്യാഭ്യാസ വകുപ്പ്. വിദ്യാര്‍ഥികളെ മികച്ച രീതിയില്‍ വളര്‍ത്തിയെടുക്കാന്‍ ഉദ്ദേശിച്ചുള്ള മാര്‍ഗ നിര്‍ദേശങ്ങളടങ്ങിയ പുസ്‌തകം അടുത്ത അധ്യായന വര്‍ഷം പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് പൊതുവിദ്യാഭ്യാസ വകുപ്പ്. മികച്ച പേരന്‍റിങ് സംബന്ധിച്ചതായിരിക്കും പുസ്‌തകത്തിന്‍റെ ഉള്ളടക്കമെന്നാണ് വിദ്യാഭ്യാസ വകുപ്പ് നല്‍കുന്ന വിശദീകരണം.
അടുത്തിടെ നടന്ന കരിക്കുലം കമ്മിറ്റിയുടെ യോഗത്തിലാണ് രക്ഷിതാക്കള്‍ക്ക് പേരന്‍റിങ് സംബന്ധിച്ച പുസ്‌തകം നല്‍കാന്‍ തീരുമാനമായത്. രാജ്യത്ത് ആദ്യമായിട്ടായിരിക്കും ഇത്തരത്തിലുള്ള ഒരു ഉദ്യമം. ഒന്ന് മുതല്‍ അഞ്ചാം ക്ലാസ് വരെയുള്ള വിദ്യാർഥികളുടെ രക്ഷിതാക്കള്‍ക്കാണ് പുസ്‌തകം ലഭ്യമാക്കുക. കുട്ടികളുടെ ശാരീരിക - സ്വഭാവങ്ങളില്‍ കൂടുതല്‍ മാറ്റം ഉണ്ടാവുന്ന സമയത്ത് രക്ഷിതാക്കള്‍ക്കും കൃത്യമായ അവബോധം ഉണ്ടാക്കാനാണ് പുതിയ നീക്കം.
കൈപ്പുസ്‌ത്തകത്തിലെ ഉള്ളടക്കം: വിദ്യാര്‍ഥികളുടെ ജീവിത നൈപുണ്യം, ലൈംഗിക വിദ്യാഭ്യാസം, ആരോഗ്യം, വിദ്യാര്‍ഥികളിലെ ലഹരി ഉപയോഗ സാധ്യതകള്‍, സാമൂഹിക, പാരിസ്ഥിതിക ബോധം സംബന്ധിച്ചതും രക്ഷിതാക്കളുടെ ഇടപെടലുകള്‍ എന്നിവയുമായിരിക്കും പുസ്‌തകത്തില്‍ ഉള്‍പ്പെടുത്തുക. മനഃശാസ്‌ത്ര വിദഗ്‌ധര്‍ ഉള്‍പ്പെടെയുള്ള വിദഗ്‌ധരുമായി കൂടിയാലോചിച്ചും അവരുടെ ഉപദേശങ്ങളും നിർദേശങ്ങളും കണക്കിലെടുത്തുമാണ് പുസ്‌തകം തയ്യാറാക്കുക. മികച്ച അധ്യാപനത്തിനായി നേരത്തെ പൊതുവിദ്യാഭ്യാസ വകുപ്പ് അധ്യാപകര്‍ക്കായി പുറത്തിറക്കിയ പുസ്‌തകത്തിന് സമാനമായിരിക്കും മികച്ച പേരന്‍റിങിനുള്ള പുസ്‌തകവും.
also read: എൻസിഇആർടി ഒഴിവാക്കിയ പാഠഭാഗങ്ങൾ കേരളത്തിൽ പഠിപ്പിക്കും; മന്ത്രി വി ശിവൻകുട്ടി
ഒഴിവാക്കിയ ഭാഗങ്ങൾ ഉൾപ്പെടുത്തി പാഠപുസ്‌തകം: ഡിജിറ്റലായും പ്രിന്‍റഡായും പുസ്‌തകം ലഭ്യമാക്കാനാണ് വിദ്യാഭ്യാസ വകുപ്പ് ഉദ്ദേശിക്കുന്നത്. അതിനിടെ എന്‍സിഇആര്‍ടി ഒഴിവാക്കിയ പാഠഭാഗങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയുള്ളതാകും ഈ അധ്യായന വര്‍ഷത്തെ വിദ്യാര്‍ഥികള്‍ക്കുള്ള പാഠപുസ്‌തകം. കൂടാതെ ലൈംഗിക വിദ്യാഭ്യാസവും പൊതുവിദ്യാഭ്യാസത്തിന് കീഴിൽ ഉൾപ്പെടുത്താൻ ചർച്ചയിലുണ്ട്.
ഒഴിവാക്കിയ പാഠഭാഗങ്ങൾ കേരള സിലബസിൽ ഉൾപ്പെടുത്തി സപ്ലിമെന്‍ററി പാഠപുസ്‌തകം പുറത്തിറക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി നേരത്തെ അറിയിച്ചിരുന്നു. തീരുമാനം കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെ അറിയിക്കുമെന്നും കരിക്കുലം കമ്മിറ്റി എടുത്ത തീരുമാനം അന്തിമമായിരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി മാധ്യമങ്ങളോട് കഴിഞ്ഞ ദിവസം പറഞ്ഞു.
സ്‌കൂളുകളിൽ കായിക അധ്യാപകർ: 'എല്ലാവർക്കും സ്‌പോർട്‌സ് എല്ലാവർക്കും ആരോഗ്യം' എന്ന നയത്തിന്‍റെ ഭാഗമായി പ്രൈമറി തലം മുതൽ പൊതുവിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് സ്‌കൂളുകളിൽ കായിക അധ്യാപകരെ തദ്ദേശ സ്ഥാപനങ്ങൾ മുഖേന നിയമിക്കുമെന്ന് കായിക വകുപ്പ് മന്ത്രി അബ്‌ദുറഹ്മാൻ അറിയിച്ചിരുന്നു. വരും വർഷങ്ങളിൽ ഇത്തരത്തിൽ നിരവധി മാറ്റങ്ങളാണ് കേരളത്തിന്‍റെ പൊതുവിദ്യാഭ്യാസത്തിൽ ഉണ്ടാവാൻ പോകുന്നത്.
also read: കാറിന് തീപിടിച്ചാൽ ഡോറുകൾ തനിയെ തുറക്കും; ഓട്ടോമാറ്റിക് അൺലോക്ക് സംവിധാനവുമായി വിദ്യാർഥികൾ