തിരുവനന്തപുരം : തിരക്കേറിയ സമയങ്ങളിലെ ഗതാഗതക്കുരുക്കാണ് പത്മനാഭസ്വാമി ക്ഷേത്രവും ചാലക്കമ്പോളവും ഉൾപ്പെടുന്ന കിഴക്കേക്കോട്ടയുടെ പ്രധാന പ്രശ്നം. റോഡ് മുറിച്ചു കടക്കുമ്പോൾ ഉണ്ടാകുന്ന അപകടങ്ങളിൽ നിരവധി ജീവനുകളാണ് ഇവിടെ പൊലിഞ്ഞിട്ടുള്ളത്. സ്മാർട്ട് സിറ്റി പദ്ധതി ഈ പ്രശ്നം പരിഹരിക്കാൻ പുതുവഴി തേടുകയാണ്. ഇതിനായി ഡൽഹി മാതൃകയിൽ സബ് വേയും റോഡിന് കുറുകെ മേൽപ്പാലവും നിർമ്മിക്കാനുള്ള കരട് രൂപരേഖ തയ്യാറായി.
ഗണപതി ക്ഷേത്രത്തിന് സമീപത്തുനിന്ന് ചാലയിലേക്ക് അടിപ്പാതയും മേൽപ്പാലവും നിർമ്മിക്കാനുള്ള കരടായി. പദ്ധതിയെക്കുറിച്ചറിഞ്ഞ നഗരവാസികൾ ഇതിനെ സന്തോഷത്തോടെയാണ് സ്വാഗതം ചെയ്യുന്നത്. 55 കോടി രൂപ പദ്ധതിക്ക് ചെലവാണ് പദ്ധതിക്കായി പ്രതീക്ഷിക്കുന്നത്. അടിപ്പാതയിൽ 70 ഓളം കടകൾ ഉണ്ടാകും. മേൽപ്പാലത്തിൽ പ്രവേശിക്കാൻ ലിഫ്റ്റ് സംവിധാനവും ഒരുക്കും. പദ്ധതി നടത്തിപ്പിന് ഉടൻ വിവിധ വകുപ്പുകളുടെ യോഗം വിളിക്കാൻ ഒരുങ്ങുകയാണ് നഗരസഭ.