തിരുവനന്തപുരം: തൊഴിൽ നഷ്ടപ്പെട്ട മടങ്ങിവരുന്ന പ്രവാസികളുടെ പുനരധിവാസത്തിനായി ഡ്രീം കേരള പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തിന്‍റെ വികസനത്തിൽ പ്രവാസികളുടെ കഴിവും വൈദഗ്ധ്യവും പ്രയോജനപ്പെടുത്താനാണ് പദ്ധതി. വിവിധ വകുപ്പുകൾ സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. നവംബർ 15ന് പദ്ധതി നിർവഹണം പൂർത്തിയാക്കുന്ന തരത്തിലാണ് ആസൂത്രണം. പദ്ധതി സംബന്ധിച്ച് പൊതുജനങ്ങൾക്ക് നിർദേശങ്ങളും ആശയങ്ങളും സമർപ്പിക്കാം. ജൂലായ് 15 മുതൽ 30 വരെ ഐഡിയ ഹാക്കത്തോണും ഓഗസ്റ്റ് ഒന്നു മുതൽ 10 വരെ സെക്ടറൽ ഹാക്കത്തോണും നടത്തും. ആശയങ്ങൾ പരിശോധിക്കാൻ യുവ സിവിൽ സർവീസ് ഉദ്യോഗസ്ഥർ അടങ്ങുന്ന സമിതിക്ക് രൂപം നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിർദേശങ്ങളും ആശയങ്ങളും വിദഗ്‌ധ സമിതി വിലയിരുത്തി അതാത് വകുപ്പുകൾക്ക് കൈമാറും. മുഖ്യമന്ത്രി ചെയർമാനായി സ്റ്റിയറിങ് കമ്മിറ്റിയും രൂപീകരിക്കും. പ്രതിപക്ഷ നേതാവ്, സ്പീക്കർ, മന്ത്രിമാരായ ഇ.ചന്ദ്രശേഖരൻ, കെ.കൃഷ്ണൻകുട്ടി, രാമചന്ദ്രൻ കടന്നപ്പള്ളി, എ.കെ ശശീന്ദ്രൻ, ചീഫ് സെക്രട്ടറി, വിവിധ വകുപ്പ് സെക്രട്ടറിമാർ എന്നിവർ ഉൾപ്പെട്ടതാണ് സമിതി. പദ്ധതി നടത്തിപ്പിന് ഡോ. കെ.എം എബ്രഹാം ചെയർമാനായി വിദഗ്‌ധ സമിതി രൂപീകരിക്കും. മുരളി തുമ്മാരുകുടി, ഡോ. സജി ഗോപിനാഥ്, പ്രമുഖ സംരഭകരായ എസ്.ഡി ഷിബുലാൽ, സി ബാലഗോപാൽ, സാജൻ പിള്ള, ബൈജു രവീന്ദ്രൻ, അബ്ദുൽ റസാഖ് തുടങ്ങിയവർ സമിതി അംഗങ്ങളാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.