തിരുവനന്തപുരം: വൈദ്യപരിശോധനക്കായി ആശുപത്രിയിൽ എത്തിച്ച പ്രതി ഡോക്‌ടറുടെ മുറിയിൽ ആക്രമണം നടത്തി. തിരുവനന്തപുരം ഫോർട്ട് ആശുപത്രിയിലാണ് പ്രതികൾ ആക്രമണം നടത്തിയത്. ഇന്നലെ രാത്രിയോടെ വിവേക്, വിനീത് എന്നീ പ്രതികളാണ് ആക്രമണം നടത്തിയത്.
ഇന്നലെ രാത്രി മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് തിരുവനന്തപുരം പട്ടം സ്വദേശിയായ വിവേകിനെ ഫോർട്ട് പരിസരത്ത് നിന്നും പൊലീസ് പിടികൂടിയിരുന്നു. പിന്നീട് ഇയാളെ ഫോർട്ട് ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്ക് എത്തിക്കുകയും സഹോദരൻ വിനീത് ഇവിടേക്ക് എത്തുകയും ചെയ്‌തിരുന്നു.
തുടർന്ന് ഇരുവരും ഡോക്‌ടറുടെ മുറിയിൽ ആക്രമണം അഴിച്ചു വിടുകയായിരുന്നു. അക്രമണത്തിൽ പൊലീസുകാരന് ഉൾപ്പെടെ പരിക്കേറ്റിട്ടുണ്ട്. നിലവിൽ ആക്രമണം നടന്ന ഡോക്‌ടർ റൂമിൽ ചികിത്സ നിർത്തിവച്ചിരിക്കുകയാണ്. സംഭവത്തിൽ വിവേകിനെയും വിനീതിനെയും ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്.