തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ വിവാദ കണ്‍സള്‍ട്ടന്‍സി കമ്പനിയായ പിഡബ്ല്യുസിക്ക് ഓഫീസ് തുടങ്ങാന്‍ അനുവദിക്കാമെന്ന ഗതാഗത സെക്രട്ടറിയുടെ കത്ത് പുറത്ത്. റീബില്‍ഡ് കേരളയുടെ ഭാഗമായി നടപ്പാക്കുന്ന മെഗാ പ്രോജക്‌ടകള്‍ കൈകാര്യം ചെയ്യാന്‍ പിഡബ്ല്യുസിക്ക് സെക്രട്ടേറിയറ്റില്‍ ബാക്ക് ഡോര്‍ ഓഫീസ് തുടങ്ങാന്‍ അനുവദിക്കാമെന്ന് ചൂണ്ടിക്കാട്ടിയുള്ള ഗതാഗത സെക്രട്ടറി കെ.ആര്‍ ജ്യോതിലാല്‍ മുഖ്യമന്ത്രിക്ക് നല്‍കിയ കത്താണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഇത് പിഡബ്ല്യുസിക്ക് ഓഫീസ് തുടങ്ങാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങിയിരുന്നെന്ന പ്രതിപക്ഷ ആരോപണം ശരിവെക്കുന്നതാണ്.
മെഗാ പ്രോജക്‌ടുകള്‍ സമയബന്ധിതമായും ക്രിയാത്മകമായും നടപ്പിലാക്കാന്‍ സെക്രട്ടേറിയറ്റിലെ നിലവിലുള്ള ഉദ്യോഗസ്ഥര്‍ക്ക് കാര്യക്ഷമതയില്ലെന്ന് കാണിച്ചാണ് ഗതാഗത സെക്രട്ടറി പിഡബ്ല്യുസിക്ക് വഴിയൊരുക്കിയിരിക്കുന്നത്. റീബില്‍ഡ് കേരളയുടെ ഭാഗമായി ഇലക്ട്രിക് വാഹന നിര്‍മാണ ഹബ്, ഹൈട്രജന്‍ ഫ്യൂവല്‍ സെല്‍, തിരുവനന്തപുരം-കാസര്‍കോട് ഹൈസ്‌പീഡ് റെയില്‍ കോറിഡോര്‍ പദ്ധതി, ജില്ലാ കേന്ദ്രങ്ങളില്‍ എയര്‍ സ്ട്രിപ്പ്, ഹെലിപാഡുകള്‍ തുടങ്ങിയ മെഗാപ്രോജക്‌ടുകളാണ് ആസൂത്രണം ചെയ്‌ത് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. പ്രവര്‍ത്തനങ്ങള്‍ സമയ ബന്ധിതമായി നടപ്പാക്കുന്നതിനും പദ്ധതിയുടെ പ്രയോജനം ജനങ്ങളില്‍ എത്തിക്കുന്നതിനും സമൂഹ മാധ്യമങ്ങളിലടക്കം വന്‍ പ്രചാരണ പരിപാടികള്‍ ആവശ്യമാണ്. അതിനായി സെക്രട്ടേറിയറ്റില്‍ ഒരു ബാക്ക് ഡോര്‍ ഓഫീസ് ആവശ്യമാണെന്നും പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സ് തയ്യാറാക്കി സമര്‍പ്പിച്ച വാല്യൂ മാനേജ്‌മെന്‍റ് ഓഫീസിന്‍റെ പ്രൊപ്പോസല്‍ അംഗീകരിക്കാവുന്നതാണെന്നും ജ്യോതിലാല്‍ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ ഓഫീസില്‍ നാല് ഉന്നത ഉദ്യോഗസ്ഥരെ ചീഫ് സെക്രട്ടറിയുടേതിനെക്കാള്‍ കൂടിയ ശമ്പളത്തില്‍ നിയമിക്കാമെന്നും ഉദ്യോഗസ്ഥര്‍ക്കായി വര്‍ഷം ശമ്പള ഇനത്തില്‍ മാത്രം 1.49 കോടി രൂപ അനുവദിക്കാമെന്ന നിര്‍ദേശവും കത്തിലുണ്ട്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നിര്‍ദേശ പ്രകാരമാണ് ഗതാഗത സെക്രട്ടറി ഈ പ്രോപ്പോസല്‍ തയ്യാറാക്കിയത്.