തിരുവനന്തപുരം: 27-ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ നാലാം ദിനം സാക്ഷിയായത് ഒരു സുന്ദര അപൂർവ നിമിഷത്തിനാണ്. ആറു വർഷങ്ങൾക്കു മുന്നേ ടാഗോർ തിയേറ്ററിലെ ചലച്ചിത്രമേളയുടെ തിരക്കിനിടയിൽ തുടങ്ങിയ സൗഹൃദവും പിന്നീടുണ്ടായ പ്രണയവുമാണ് യുവ സംവിധായകന്‍ സന്ദീപ് പാമ്പള്ളിയേയും സുരഭിയേയും വിവാഹത്തിലേക്ക് നയിച്ചത്.
ഒരു ചലച്ചിത്രോത്സവ കാലത്ത് കണ്ടുമുട്ടി പ്രണയിച്ച് വിവാഹിതരായ ഇവർ രണ്ടുപേരും കല്യാണമണ്ഡപത്തിൽ നിന്ന് നേരെ വന്നത് ഐഎഫ്എഫ്കെ വേദിയായ ടാഗോർ തിയേറ്ററിലേക്കാണ്. വേദിയിൽ യുവ മിഥുനങ്ങളെ ചലച്ചിത്ര അക്കാദമി ചെയർമാനും സംഘവും സ്വീകരിച്ചു. 2018ല്‍ മികച്ച യുവ സംവിധായകനുള്ള ദേശീയ പുരസ്‌കാരം നേടിയ പാമ്പള്ളിയും മെഡിക്കൽ വിഭാഗത്തിൽ ജോലി ചെയ്യുന്ന സുരഭിയും തങ്ങളുടെ ഇടയിലുള്ള പൂർണമായ സൗഹൃദമാണ് ജീവിതത്തിന്‍റെ ഈ ഒത്തുചേരലിൽ എത്തിച്ചതെന്നും സിനിമയോടുള്ള ഇഷ്‌ടമാണ് സൗഹൃദത്തിന് കാരണമായതെന്നും സന്തോഷത്തോടെ പറയുന്നു.
ആധുനിക കാലഘട്ടത്തില്‍ കേൾക്കുന്ന പ്രണയ ഭീകര കഥകൾക്കിടയിൽ അനശ്വരമാവുകയാണ് ഇവരുടെ പ്രണയo. പുതിയകാലത്തെ പ്രണയങ്ങളിൽ ഉണ്ടാകുന്ന പൊസസീവ്നസുകളാണ് അപകടത്തിന് കാരണമെന്നും പരസ്‌പരം മനസിലാക്കുകയാണ് പ്രണയത്തിൽ വേണ്ടതെന്നും ഇവർ പറയുന്നു. പുതിയ ജീവിതത്തോടൊപ്പം പുതിയ സിനിമ കരിയറിനു കൂടി തുടക്കമിടാൻ പോവുകയാണ് പാമ്പള്ളി എന്ന യുവ സംവിധായകൻ.