തിരുവനന്തപുരം : രൂക്ഷമായ ഇന്ധന പ്രതിസന്ധി മറികടക്കാൻ ധനവകുപ്പിന് ഡിജിപിയുടെ കത്ത്. നിലവിൽ ഒരു കോടി രൂപയാണ് ഇന്ധന കമ്പനിക്ക് പൊലീസ് കുടിശ്ശിക ഇനത്തില്‍ നൽകാനുള്ളത്. കുടിശ്ശികയായി നൽകാനുള്ളതിന് പുറമെ 50 ലക്ഷം രൂപ കൂടി അധികമായി അനുവദിക്കാൻ ആവശ്യപ്പെട്ടാണ് ഡിജിപി ധനവകുപ്പിന് കത്ത് നൽകിയത്.
ദിവസേന 10 ലിറ്ററാണ് നിലവിൽ ഒരു ജീപ്പിനായി അനുവദിച്ചിട്ടുള്ളത്. ഇത് പൊലീസിന്‍റെ പട്രോളിങ് ഉൾപ്പടെയുള്ള ദൈനംദിന പ്രവർത്തനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. പ്രതിമാസം 4 കോടി രൂപ വരെ സംസ്ഥാനത്തെ പൊലീസ് വാഹനങ്ങളിൽ ഇന്ധനത്തിനായി ചെലവുണ്ട്. എസ്എപി ക്യാമ്പിനോട് ചേർന്ന് പൊലീസ് നടത്തുന്ന പമ്പിൽ നിന്നാണ് നിലവിൽ ജില്ലയിലെ പൊലീസ് സ്റ്റേഷനുകളിലെ ജീപ്പുകൾ ഇന്ധനം നിറയ്ക്കുന്നത്.
ദൂരപ്രദേശങ്ങളിലുള്ള പൊലീസ് സ്റ്റേഷനുകളിലെ ജീപ്പുകൾ നഗരത്തിലെത്തി 10 ലിറ്റർ ഇന്ധനവുമായി തിരികെ സ്റ്റേഷനിൽ എത്തുമ്പോഴേക്കും സ്റ്റേഷൻ ആവശ്യത്തിന് വാഹനം ഓടാൻ കഴിയാത്ത സാഹചര്യമാണ്. ഇന്ധന ക്ഷാമത്തിൽ സർക്കാരിന്‍റെ അടിയന്തര ഇടപെടൽ ഉണ്ടായില്ലെങ്കിൽ വരും ദിവസങ്ങളില്‍ പ്രതിസന്ധി രൂക്ഷമാകുമെന്ന് ഉറപ്പാണ്.