തിരുവനന്തപുരം: സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി അധ്യാപക, വിദ്യാർഥി, യുവജന, തൊഴിൽ സംഘടനകളുമായി പ്രത്യേക ചർച്ച നടത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ്. ഒന്നര വർഷത്തിനു ശേഷം സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് സമഗ്രമായ മുന്നൊരുക്കങ്ങളിലാണ് വിദ്യാഭ്യാസ വകുപ്പ്.
കൊവിഡ് മാർഗനിർദേശങ്ങൾ കർശനമായി പാലിക്കുന്നതിനുള്ള ആലോച നയോഗങ്ങളാണ് ഇപ്പോൾ നടക്കുന്നത്. ഇതിന്‍റെ ഭാഗമായി അധ്യാപക സംഘടനകളുടെയും വിദ്യാർഥി സംഘടനകളുടെയും യുവജന സംഘടനകളുടെയും തൊഴിലാളി സംഘടനകളുടെയും പ്രത്യേക യോഗം വിളിച്ചു.
പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ നേതൃത്വത്തിലാണ് യോഗം ചേരുക. രാവിലെ 10.30ന് വിദ്യാഭ്യാസ ഗുണനിലവാര പദ്ധതി സമിതിയുടെ യോഗം ചേരും. കെ.എസ്.ടി.എ, കെ.പി.എസ്.ടി.എ, എ.കെ.എസ്.ടി.എ, കെ.എസ്.ടി.യു, കെ.എസ്.ടി.എഫ്, കെ.എസ്.ടി.സി, കെ.പി.ടി.എ, കെ.എ എം.എ, എൻ.ടി.യു എന്നീ അധ്യാപക സംഘടനകളുടെ പ്രതിനിധികളാണ് യോഗത്തിൽ പങ്കെടുക്കുക.
പരാതികള്‍ക്ക് ഇടനല്‍കാതിരിക്കാന്‍ മുന്‍കരുതല്‍
ഉച്ചയ്ക്ക് 2.30 ന് മറ്റ് അധ്യാപക സംഘടനകളുടെ യോഗം വിളിച്ചു ചേർത്തിട്ടുണ്ട്. വൈകുന്നേരം നാലിന് യുവജനസംഘടനകളുടെ യോഗം ചേരും. ഒക്ടോബർ രണ്ടിന് ഉച്ചയ്ക്ക് രണ്ടിനാണ് വിദ്യാർഥി സംഘടനകളുടെ യോഗം. 3.30ന് തൊഴിലാളി സംഘടനകളുടെ യോഗം വിളിച്ചിട്ടുണ്ട്.
വൈകുന്നേരം അഞ്ചിന് മേയർമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റുമാർ തുടങ്ങിയവരുടെ യോഗം ചേരും. ആറുമണിക്ക് ഡി.ഡി.ഇ, അർ.ഡി.ഡി, എ.ഡി.ഇ എന്നിവരുടെ യോഗമുണ്ടാകും. ഒക്ടോബർ മൂന്നിന് 11.30 ന് ഡി.ഇ.ഒമാരുടെയും എ.ഇ.ഒമാരുടെയും യോഗം നടക്കും.
കൂടുതല്‍ വായനക്ക്: പുരാവസ്‌തു തട്ടിപ്പ്; മോൻസൺ മാവുങ്കലിന്‍റെ വീട്ടിൽ ക്രൈംബ്രാഞ്ചിന്‍റെ മിന്നൽ പരിശോധന
ഒക്ടോബർ നാലിനോ അഞ്ചിനോ ജില്ലാ കലക്ടർമാരുടെ യോഗം വിളിച്ചുചേർക്കും. പെട്ടെന്ന് വിളിച്ചു ചേർക്കേണ്ടി വന്നതിനാൽ ഓൺലൈനിൽ ആകും യോഗം ചേരുക. പരാതികൾക്കിട നൽകാതെ സമാഗ്രമായ ഒരുക്കങ്ങൾക്കാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ ശ്രമം.