തിരുവനന്തപുരം: സംസ്ഥാനത്തെ 'കനിവ് 108 ആംബുലന്‍സ്' ഡ്രൈവറായി ദീപ മോഹൻ. അന്താരാഷ്ട്ര വനിത ദിനത്തില്‍ ആരോഗ്യമന്ത്രി വീണ ജോർജിൽ നിന്ന് താക്കോല്‍ ഏറ്റുവാങ്ങിയാണ് ദീപ ഔദ്യോഗികമായി ചുമതലയേറ്റത്. ആദ്യമായാണ് ഒരു വനിത 108 ആംബുലന്‍സില്‍ ഡ്രൈവറായി എത്തുന്നത് എന്നതും ശ്രദ്ധേയമാണ്.
കോട്ടയം മേമുറി പാലപ്പറമ്പില്‍ വീട്ടില്‍ ദീപ യാത്രയോടുളള ഇഷ്ടം കൊണ്ടാണ് ഡ്രൈവിങ് മേഖലയിലേക്ക് തിരിഞ്ഞത്. ഡ്രൈവിങ് സ്‌കൂള്‍ അധ്യാപികയായും, ടിപ്പര്‍ ലോറി ഡ്രൈവറായും, ടാക്‌സി ഡ്രൈവറായുമൊക്കെ ദീപമോള്‍ ജോലി ചെയ്തിട്ടുണ്ട്. 2021ല്‍ കോട്ടയത്ത് നിന്നും ലഡാക് വരെ ബൈക്ക് യാത്രയെന്ന സാഹസിക ദൗത്യവും ദീപ പൂര്‍ത്തിയാക്കി. ആതുരസേവനത്തിനോടുള്ള താൽപര്യം കൊണ്ടാണ് ദീപ ഇപ്പോള്‍ 108 ഡ്രൈവറായി ചുമതലയേറ്റത്.
ഡ്രൈവിങ് ടെസ്റ്റ് ഉള്‍പ്പടെയുള്ള നടപടികളും പരിശീലനവും പൂര്‍ത്തിയാക്കിയാണ് ദീപ 108 ആംബുലന്‍സ് ഡ്രൈവിങ് സീറ്റിലേക്ക് എത്തുന്നത്. ദീപയ്ക്ക് ആശംസകള്‍ അറിയിച്ച ആരോഗ്യമന്ത്രി എല്ലാ ജില്ലകളിലും ഇത്തരത്തില്‍ വനിതകളെ ആംബുലന്‍സ് ഡ്രൈവറാക്കുന്നത് സര്‍ക്കാര്‍ പരിഗണനയിലുണ്ടെന്ന് വ്യക്തമാക്കി.
READ MORE: ഇനി പെണ്‍കരുത്തിലും കുതിക്കാന്‍ 108 ആംബുലന്‍സ്; ആദ്യ വനിത ഡ്രൈവറാകാന്‍ ദീപമോള്‍