തിരുവനന്തപുരം : സംസ്ഥാനത്ത് 2018ലാണ് ആദ്യമായി നിപ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2018ല്‍ കോഴിക്കോടും 2019ല്‍ കൊച്ചിയിലും ഇപ്പോള്‍ വീണ്ടും കോഴിക്കോടും നിപ സ്ഥിരീകരിച്ചു. ഇതുവരെ 22 പേരാണ് നിപ ബാധിച്ച് മരിച്ചത്. മൂന്ന് തവണ റിപ്പോര്‍ട്ട് ചെയ്തിട്ടും നിപയുടെ ഉറവിടം കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല.
ആദ്യമായി പേരാമ്പ്ര ചങ്ങരോത്ത് സൂപ്പിക്കടയിലെ മുഹമ്മദ് സാബിത്താണ് നിപ ബാധിച്ച് മരിച്ചത്. പിന്നാലെ സാബിത്തുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗത്തിന്‍റെ ഉറവിടം കണ്ടെത്താന്‍ തീവ്രശ്രമം നടന്നു. വവ്വാലുകളില്‍ നിന്നാണ് നിപ ബാധയുണ്ടാകുന്നതെന്ന നിഗമനത്തില്‍ വ്യാപകമായ പരിശോധന നടന്നു. 10 വവ്വാലുകളില്‍ നിന്ന് എടുത്ത സാമ്പിളുകളില്‍ നിപ കണ്ടെത്തിയെങ്കിലും അവയില്‍ നിന്നാണോ രോഗം മനുഷ്യരിലേക്ക് പകര്‍ന്നതെന്ന് ഉറിപ്പിക്കാന്‍ കഴിഞ്ഞില്ല.
നിപ സ്ഥിരീകരിക്കുന്നതിനമുമ്പ് തന്ന സാബിത്തിന് ജീവഹാനിയുണ്ടായതിനാലാണ് കൂടുതല്‍ പഠനം നടത്താന്‍ കഴിയാതെ പോയത്. വിദഗ്‌ധ സംഘത്തിന്‍റെ നേതൃത്വത്തില്‍ പഠനം തുടങ്ങിയെങ്കിലും പാതിവഴിയില്‍ അത് ഉപേക്ഷിക്കപ്പെട്ടു. ഇപ്പോഴും നിപയുടെ ഉറവിടം അജ്ഞാതമായി തുടരുകയാണ്. ഭാവിയില്‍ ഇടയ്ക്കിടെ വ്യാപിച്ചേക്കാവുന്ന വൈറസായാണ് നിപയെ കാണേണ്ടത്.
നിപ അപകടകാരി
കൊവിഡ് കാലത്ത് നിപ കൂടി എത്തുന്നത് കേരളത്തിലെ ആരോഗ്യ സംവിധാനത്തിന് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. അപകടകാരിയായ വൈറസാണ് നിപ. മരണ സാധ്യതയും വളരെ കൂടുതലാണ്. പനി, തലവേദന, തലകറക്കം, ബോധക്ഷയം എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. ചുമ, വയറുവേദന, മനം പിരട്ടല്‍, ഛര്‍ദ്ദി, ക്ഷീണം, കാഴ്‌ച മങ്ങല്‍ തുടങ്ങിയ ലക്ഷണങ്ങളും അപൂര്‍വമായി പ്രകടിപ്പിക്കാം.
വൈറസ് ശരീരത്തിനുള്ളില്‍ പ്രവേശിച്ച് നാല് മുതല്‍ 14 ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകും. ചിലപ്പോള്‍ 21 ദിവസം വരെയാകാം. രോഗലക്ഷണങ്ങള്‍ ആരംഭിച്ച് ഒന്നുരണ്ട് ദിവസങ്ങള്‍ക്കകം തന്നെ രോഗി അബോധാവസ്ഥയിലായേക്കാം. തലച്ചോറിലെ എന്‍സഫല്‍ എന്ന ഭാഗത്തെയും ശ്വാസകോശത്തെയും ബാധിച്ചേക്കാം.
വേണം, അതീവ ജാഗ്രത
വേഗത്തില്‍ പകരാന്‍ സാധ്യതയുള്ള വൈറസാണ് നിപ. അതിനാല്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടത് അത്യാവശ്യമാണ്. വവ്വാലുകളില്‍ നിന്നാണ് നിപ പകരുന്നതെന്ന നിഗമനമാണ് ഇപ്പോഴുള്ളത്. അതുകൊണ്ട് തന്നെ വവ്വാലുകളുടെ കാര്യത്തില്‍ ജാഗ്രത വേണം. വവ്വാലുകള്‍ കടിച്ചതല്ലെന്ന് ഉറപ്പിക്കാന്‍ കഴിയാത്ത പഴങ്ങള്‍ ഒരു കാരണവശാലും കഴിക്കരുത്.
വാഴക്കൂമ്പിലെ തേന്‍ വവ്വാലുകളുടെ പ്രിയഭക്ഷണമാണ്. കള്ള് വവ്വാലുകളുടെ ഇഷ്‌ടപാനീയമായതിനാല്‍ തുറന്നുവെച്ച കള്ളുകുടങ്ങളുള്ള തെങ്ങില്‍ കയറുന്നതും അത്തരം കള്ള് കുടിക്കുന്നതിലും ശ്രദ്ധവേണം.
പഴങ്ങളും പച്ചക്കറികളും നല്ലവണ്ണം കഴുകി മാത്രം ഉപയോഗിക്കുക. ജലസ്രോതസുകളില്‍ വവ്വാലുകളുടെ ശരീരസ്രവമോ കാഷ്‌ഠമോ വീഴാതിരിക്കാന്‍ സൂക്ഷിക്കണം. മാംസം നല്ലവണ്ണം വേവിച്ച് കഴിക്കുക. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് വേഗത്തില്‍ പകരാന്‍ സാധ്യതയുള്ള വൈറസാണ്. അതിനാല്‍ രോഗികളെ പരിചരിക്കുന്നവരും ജാഗ്രത പുലര്‍ത്തണം.
അസുഖബാധിതരെ പരിചരിക്കുന്നവരിലേക്കും രോഗം പകരാം. അതിനാല്‍ ആശുപത്രി ജീവനക്കാരും ശ്രദ്ധിക്കണം. മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, സാനിറ്റൈസര്‍ ഉപയോഗിച്ച് കൈ വൃത്തിയാക്കുക, രോഗിയുമായി ഒരു മീറ്റര്‍ എങ്കിലും ദൂരം പാലിക്കുക, രോഗിയുടെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കുള്ള സാമഗ്രികള്‍ പ്രത്യേകം സൂക്ഷിക്കുക തുടങ്ങിയ മുന്‍കരുതലുകള്‍ പാലിക്കുക.
നിപ പരിശോധന
ആര്‍ടിപിസിആര്‍ പരിശോധന നടത്തിയാണ് നിപ വൈറസ് സാന്നിധ്യം കണ്ടെത്തുന്നത്. രോഗ ലക്ഷണമുള്ളവരുടെ തൊണ്ടയില്‍നിന്നും മൂക്കില്‍ നിന്നുമുള്ള സ്രവം, രക്തം, മൂത്രം, നട്ടെല്ലില്‍ നിന്ന് കുത്തിയെടുക്കുന്ന സ്‌പൈനല്‍ ഫ്‌ളൂയിഡ് എന്നിവയില്‍ നിന്നുമെടുക്കുന്ന സാംപിളുകളാണ് പരിശോധനയ്ക്ക് വിധേയമാക്കുന്നത്. എലിസ ടെസ്റ്റുകള്‍ ഉപയോഗിച്ച് നിപയ്‌ക്കെതിരായ ആന്‍റീബോഡികളെ കണ്ടെത്താന്‍ കഴിയും.
പുനെയിലേയും മണിപ്പാലിലെയും വൈറോളജി ലാബുകളിലാണ് സാമ്പിളുകള്‍ പരിശോധിക്കുന്നത്. നിലവില്‍ കേരളത്തില്‍ നിപ പരിശോധന നടത്താന്‍ സംവിധാനമില്ല.
മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുക
നിപ പ്രതിരോധത്തിനും ചികിത്സയ്ക്കും കൃത്യമായ മാനദണ്ഡങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. പകര്‍ച്ചാസാധ്യത കൂടുതലായതിനാല്‍ വ്യക്തി ശുചിത്വം പ്രധാനമാണ്. രോഗികളെ പരിചരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരും സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കണം.
മൃതദേഹത്തില്‍ നിന്നും നിപ പകരാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ മൃതദേഹം അടക്കം ചെയ്യുമ്പോഴും സുരക്ഷാക്രമീകരണം പാലിക്കണം. മൃതദേഹം കൊണ്ടുപോകുന്ന സമയത്ത് മുഖവുമായും ശാരീരിക സ്രവങ്ങളുമായും സമ്പര്‍ക്കം ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണം. അന്ത്യചുംബനം അര്‍പ്പിക്കുക, കവിളില്‍ തൊടുക എന്നിവ ഒഴിവാക്കുക.
മൃതദേഹം കുളിപ്പിക്കുന്ന സമയത്ത് മുഖം മറയ്ക്കുക, മൃതദേഹം കുളിപ്പിച്ചതിനുശേഷം കുളിപ്പിച്ച വ്യക്തികള്‍ ദേഹം മുഴുവന്‍ സോപ്പ് തേച്ചുകുളിക്കുക, മരിച്ച വ്യക്തി ഉപയോഗിച്ചിരുന്ന വസ്ത്രങ്ങള്‍, പാത്രങ്ങള്‍ തുടങ്ങിയ വീണ്ടും ഉപയോഗിക്കാവുന്ന സാധനങ്ങള്‍ തുടങ്ങിയവോ സോപ്പോ ഡിറ്റര്‍ജന്‍റോ ഉപയോഗിച്ച് കഴുകുക, മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം പരമാവധി ചുരുക്കുക എന്നീ സുരക്ഷാ നിര്‍ദേശങ്ങള്‍ കര്‍ശനമായും പാലിക്കണം.
Also Read: അഞ്ച് പേർക്ക് കൂടി രോഗലക്ഷണം ; നിപ സമ്പര്‍ക്കപ്പട്ടികയില്‍ 251 പേര്‍
കൊവിഡ് സുരക്ഷയുടെ ഭാഗമായി മാസ്‌കും സാമൂഹിക അകലവും ശീലമായതിനാല്‍ നിപ വ്യാപനം വര്‍ധിക്കില്ലെന്നാണ് ആരോഗ്യ വകുപ്പിന്‍റെ കണക്കുകൂട്ടല്‍. കോഴിക്കോട് ഇപ്പോള്‍ 8 പേരാണ് രോഗ ലക്ഷണങ്ങളുമായി നിരീക്ഷണത്തില്‍ കഴിയുന്നത്. 251 പേരുടെ സമ്പര്‍ക്ക പട്ടികയും തയാറാക്കി . അതില്‍ 32 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്. ചികിത്സ അനുഭവവും കൊവിഡ് പ്രതിരോധത്തിനായുള്ള ഒരുക്കവും നിപയെ നേരിടുന്നതിന് നമ്മുടെ ആരോഗ്യ സംവിധാനത്തിന് സഹായകരമായിട്ടുണ്ട്.