തിരുവനന്തപുരം: തലസ്ഥാനത്ത് വഴിയോര കച്ചവടക്കാരുടെ പുനരധിവാസത്തിനായി നഗരസഭ ആരംഭിച്ച പദ്ധതിക്കെതിരായി വിമര്‍ശനം ശക്തമാവുന്നു. വഴിയോര കച്ചവടക്കാരെ പുനരധിവസിപ്പിക്കുന്നതിന് കോര്‍പറേഷന്‍ നിര്‍മിച്ച കടമുറികളിലെ അമിത വാടകയാണ് ഇതിന് പ്രധാന കാരണം. മാത്രമല്ല ജനത്തിരക്കില്ലാത്തയിടത്ത് സ്ഥാപിച്ചതുകൊണ്ട് കച്ചവടവും കുറവാണ്. ഇക്കാരണങ്ങളാണ് വ്യാപാരികളെ കടമുറികളില്‍ നിന്ന് കുടിയിറക്കപ്പെട്ടത്.
നഗരത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ മ്യൂസിയം, ശംഖുമുഖം, പദ്‌മനാഭ സ്വാമി ക്ഷേത്ര പരിസരം എന്നിവിടങ്ങളില്‍ വര്‍ഷങ്ങളായി തെരുവില്‍ കച്ചവടം നടത്തുന്നവര്‍ക്ക് കടമുറികള്‍ നിര്‍മിച്ച് നല്‍കിയുള്ള പുനരധിവാസമാണ് നഗരസഭ നടപ്പിലാക്കിയത്. തെരുവില്‍ കച്ചവടം നടത്തുന്ന 44 പേര്‍ക്കായി ഇത്രയും കടമുറികളാണ് നഗരസഭ ഒരുക്കിയത്. 2.02 കോടി രൂപ ചെലവിലാണ് ഇവ സ്ഥാപിച്ചത്.
മ്യൂസിയം പരിസരത്ത് നിന്ന് അല്‍പം മാറി 34 കടമുറികളാണ് ഇതിനായി സ്ഥാപിച്ചത്. എന്നാല്‍, വെറും അഞ്ച് പേര്‍ മാത്രമാണ് ഇവിടെ സ്ഥിരമായി കച്ചവടം നടത്തുന്നത്. വെള്ളം, വൈദ്യുതി എന്നിവ ലഭിക്കുന്ന കട മുറികള്‍ക്ക് മാസത്തില്‍ 2,500 രൂപയാണ് വാടക.
വെള്ളത്തിന്‍റെ കണക്ഷന്‍ ഇല്ലാത്ത കടകള്‍ക്ക് 1,500 രൂപയും തുറസായ കടമുറികള്‍ക്ക് 500 രൂപയുമാണ് വാടക. 500 രൂപ വാടക നല്‍കുന്ന കടകള്‍ക്ക് വെള്ളവും വൈദ്യുതിയും ആവശ്യമുണ്ടെങ്കില്‍ അതിനുള്ള തുക വേറെയും നല്‍കണം.
കടമുറികളില്‍ ചായക്കട നടത്തുന്നവര്‍ക്ക് ഗ്യാസിന്‍റെ വിലയും വാടകയും അടക്കം വലിയ തുകയാണ് മാസം ചെലവ് വരിക. ഇത്തരത്തില്‍ വരുന്ന ചെലവ് ഒട്ടും ലാഭകരമല്ലെന്നും അതാണ് വീണ്ടും വഴിയോര കച്ചവടങ്ങളിലേക്ക് മടങ്ങിയതെന്നും ഇവര്‍ പറയുന്നു.