തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കുടിശികയുടെ പേരില്‍ ചില ഉദ്യോഗസ്ഥര്‍ വീടുകളിലെത്തി വൈദ്യുതി, കുടിവെള്ള കണക്ഷനുകള്‍ വിച്ഛേദിക്കുന്നത് അവസാനിപ്പിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്. കുടംബമായി യാത്ര ചെയ്യുന്നവരെ ചില പൊലീസ് ഉദ്യോഗസ്ഥര്‍ തടഞ്ഞു നിര്‍ത്തി പരിശോധിക്കുന്നത് സംബന്ധിച്ച പരാതികളും ഉയരുന്നുണ്ട്. ഇതെല്ലാം ഈ തെരഞ്ഞെടുപ്പ് കാലത്ത് ജനങ്ങളെ എല്‍.ഡി.എഫിനെതിരെ തിരിക്കുക എന്ന ഉദ്ദേശത്തോടെ ചില ഉദ്യോഗസ്ഥര്‍ മനപൂര്‍വ്വം നടപ്പാക്കുന്നതാണെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി. എല്‍.ഡി.എഫ് വിരുദ്ധരായ ഉദ്യോഗസ്ഥരാണ് ഇത്തരം നടപടികള്‍ക്ക് പിന്നിലെന്നും സെക്രട്ടേറിയറ്റ് ആരോപിച്ചു.
വെള്ളത്തിന്‍റെയും വൈദ്യുതിയുടെയും ബില്‍ തുക അടയ്ക്കാന്‍ സാവകാശം നല്‍കുകയാണ് ഉദ്യോഗസ്ഥര്‍ ചെയ്യേണ്ടിയിരുന്നത്. ജനങ്ങളെ ചേര്‍ത്തു പിടിച്ചു മുന്നോട്ടു പോകുന്ന എല്‍.ഡി.എഫ് സര്‍ക്കാരിലുള്ള ജനവിശ്വാസം തകര്‍ക്കാനുള്ള ഗൂഡശ്രമത്തിന്‍റെ ഭാഗമായാണ് ഇത്തരം നടപടികള്‍ കൈക്കൊള്ളുന്നത്. പാലക്കാട് ഉള്‍പ്പെടെയുള്ള ജില്ലകളില്‍ നെല്ല് സംഭരണം നടക്കുന്ന ഈ സമയത്തും ചില ഉദ്യോഗസ്ഥര്‍ ഇത് വൈകിപ്പിക്കുകയാണ്. നെല്ലിന്‍റെ താങ്ങുവില വര്‍ധിപ്പിച്ച് കൃഷിക്കാര്‍ ഉത്പാദിപ്പിക്കുന്ന നെല്ല് മുഴുവന്‍ സംഭരിക്കാന്‍ തീരുമാനിച്ച സര്‍ക്കാരാണിത്. ഇതിനു തുരങ്കം വയ്ക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. ഇതിനെതിരെ കര്‍ഷകരും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്ന് സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.