തിരുവനന്തപുരം : പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ സിപിഎം സ്ഥാനാർഥിയുടെ കാര്യത്തിൽ ഇന്ന് തീരുമാനം. ഇന്ന് ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം സ്ഥാനാർഥി ആരെന്നതിൽ അന്തിമ തീരുമാനമെടുക്കും. ജില്ല ഘടകം നിർദേശിച്ച പേരുകളിൽ നിന്നാകും അന്തിമ തീരുമാനം.
ജെയ്‌ക് സി തോമസിനാണ് മുൻഗണനയുള്ളത്. സംസ്ഥാന നേതൃത്വം തീരുമാനിച്ചാലും നാളെ കോട്ടയം ജില്ല കമ്മിറ്റി കൂടി ചേർന്നശേഷമാകും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുക. ഇന്നുമുതൽ ചേരുന്ന സിപിഎം നേതൃയോഗം പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട തന്ത്രങ്ങൾ സംബന്ധിച്ച് വിശദമായി ചർച്ച ചെയ്യും.
വികസനവും ക്ഷേമപ്രവർത്തനങ്ങളും പറഞ്ഞ് വോട്ട് തേടാനാണ് ഇടതുമുന്നണിയുടെ നീക്കം. മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെതിരെ ഉയർന്ന മാസപ്പടി വിവാദം അടക്കം കോൺഗ്രസ് ഉയർത്തുമെന്ന വിലയിരുത്തലിലാണ് സിപിഎം. അത് മുന്നിൽ കണ്ടാണ് ഇന്നലെ തന്നെ മാസപ്പടി വിവാദത്തില്‍ സിപിഎം നിലപാട് വ്യക്തമാക്കിയത്.
മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ വീണ വിജയനെതിരായ മാസപ്പടി വിവാദങ്ങൾക്ക് യാഥാര്‍ഥ്യങ്ങളുമായി യാതൊരു ബന്ധവുമില്ലെന്ന് സിപിഎം പ്രതികരിച്ചു. നിയമപരമായി പ്രവര്‍ത്തിക്കുന്ന രണ്ട് കമ്പനികള്‍ തമ്മില്‍ നിയമപരമായിത്തന്നെ സേവന ലഭ്യതയ്‌ക്കുള്ള കരാറിലേര്‍പ്പെട്ടതാണ്. കരാറിലെ വ്യവസ്ഥകള്‍ പ്രകാരമാണ് പണം നല്‍കിയത്. ആ പണമാവട്ടെ വാര്‍ഷിക അടിസ്ഥാനത്തിലുമാണ്. ഇതിന് വിശ്വാസ്യത ലഭിക്കുന്നതിനാണ് മാസപ്പടിയാക്കി ചിത്രീകരിച്ചതെന്നുമായിരുന്നു സിപിഎമ്മിന്‍റെ വിശദീകരണം.
ആദായനികുതി വകുപ്പിന്‍റെ റിപ്പോർട്ടിൽ കോൺഗ്രസിലെ മുതിർന്ന നേതാക്കളും യുഡിഎഫ് നേതാക്കളും ഉൾപ്പെട്ടത് ഉയർത്തി കാണിക്കാനാണ് സിപിഎം നീക്കം. ഇക്കാര്യങ്ങളിൽ അന്തിമ രൂപം നേതൃയോഗങ്ങളിൽ ഉണ്ടാകും. ഇതോടൊപ്പം ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ ഒരുക്കങ്ങളും നേതൃയോഗത്തിന്‍റ അജണ്ടയാണ്.
ഇന്ന് സംസ്ഥാന സെക്രട്ടേറിയറ്റും തുടർന്നുള്ള രണ്ട് ദിവസങ്ങളിൽ സംസ്ഥാന സമിതിയുമാണ് നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ കോട്ടയത്തെ സ്ഥാനാർഥി പ്രഖ്യാപനം അടക്കമുള്ള തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുള്ളതിനാൽ സെക്രട്ടറിയേറ്റ് യോഗം മാത്രമായി ചുരുക്കുന്നതും പരിഗണനയിലുണ്ട്.
ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്നാണ് പുതുപ്പള്ളിയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഓഗസ്റ്റ് 08 ന് വൈകിട്ടാണ് ഇലക്ഷൻ കമ്മിഷൻ പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പിനുള്ള ഉത്തരവ് ഇറക്കിയത്. സെപ്റ്റംബർ 5നാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. വോട്ടെണ്ണൽ സെപ്റ്റംബർ എട്ടിനും നടക്കും.
തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി ഉമ്മന്‍ ചാണ്ടിയുടെ മകനും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ ചാണ്ടി ഉമ്മനാണ് മത്സരിക്കുന്നത്. നേരത്തെ പ്രവചനങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഓഗസ്റ്റ് 9നാണ് ഔദ്യോഗിക പ്രഖ്യാപനം വന്നത്. പുതുപ്പള്ളിയിലെ സ്ഥാനാര്‍ഥിത്വം വലിയ ഉത്തരവാദിത്തമാണെന്ന് പ്രഖ്യാപനത്തിന് പിന്നാലെ യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍ പ്രതികരിച്ചു.
പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്തം നിറവേറ്റുമെന്നും അദ്ദേഹം പറഞ്ഞു. ഈ തെരഞ്ഞെടുപ്പില്‍ ഏഴുവര്‍ഷത്തെ എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ വികസനവും ഭരണവും ചര്‍ച്ചയാകുമെന്നും ചാണ്ടി ഉമ്മന്‍ വ്യക്തമാക്കി. യുഡിഎഫ് സ്ഥാനാര്‍ഥി ഉജ്ജ്വല വിജയം നേടുമെന്ന് തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതിന് പിന്നാലെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പ്രതികരിക്കുകയുണ്ടായി. 2021ല്‍ പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടി നേടിയതിനേക്കാള്‍ ഉയര്‍ന്ന ഭൂരിപക്ഷത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ജയിക്കുമെന്നും വി ഡി സതീശന്‍ അവകാശപ്പെട്ടു.