തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ പങ്കെടുക്കാന്‍ ഇപി ജയരാജനെത്തി. ദീര്‍ഘകാലത്തെ ഇടവേളക്ക് ശേഷമാണ് സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഇപി ജയരാജന്‍ പങ്കെടുക്കാനെത്തുന്നത്. വൈദേകം റിസോര്‍ട്ടുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഉയര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റിന് ശേഷം സ്ഥിരമായി സംസ്ഥാന കമ്മിറ്റിയുമായി ബന്ധപ്പെട്ട പരിപാടികളില്‍ നിന്നും ഇപി ജയരാജന്‍ മാറിനിന്നത് വലിയ ചര്‍ച്ചാവിഷയമായിരുന്നു.
ഏക സിവില്‍ കോഡിനെതിരെ കോഴിക്കോട് സിപിഎം നടത്തിയ സെമിനാറില്‍ നിന്നും മാറി നിന്നതായിരുന്നു ഏറ്റവും ഒടുവില്‍ ഉണ്ടായത്. ഇതേ ദിവസം തിരുവനന്തപുരത്തെ ഡിവൈഎഫ്ഐയുടെ പരിപാടിയില്‍ ഉദ്ഘാടകനായി ജയരാജന്‍ എത്തുകയായിരുന്നു. സംഭവത്തിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനുമായും ഇപി ജയരാജന്‍ കൂടിക്കാഴ്‌ച നടത്തിയിരുന്നു.
സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ഓഫിസില്‍ എത്തിയാണ് ഇപി ജയരാജന്‍ കൂടിക്കാഴ്‌ച നടത്തിയത്. പാര്‍ട്ടി പരിപാടികളില്‍ സജീവമാകണമെന്ന് മുഖ്യമന്ത്രി ഈ കൂടിക്കാഴ്‌ചക്കിടെ ഇപി ജയരാജന് നിര്‍ദേശം നല്‍കിയതായും വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ ഇക്കാര്യം ചര്‍ച്ച വിഷയമായിട്ടില്ലെന്നും താന്‍ പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കാത്ത സാഹചര്യമില്ലെന്നും ഇപി ജയരാജന്‍ പിന്നീട് മാധ്യമങ്ങളോട് പ്രതികരിക്കുകയും ചെയ്‌തിരുന്നു.
എന്നാല്‍, ദീര്‍ഘനാളത്തെ ഇടവേളക്ക് ശേഷം വീണ്ടും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ പങ്കെടുക്കാന്‍ ഇപി ജയരാജന്‍ എത്തിയത് മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്‌ചക്ക് ശേഷമാണ്. അതേസമയം ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കാനുള്ള ബില്‍ അടക്കം ഗവര്‍ണര്‍ ഒപ്പിടാനുള്ള സാഹചര്യത്തിലാണ് സംസ്ഥാന സെക്രട്ടേറിയറ്റ് ചേരുന്നത്. എട്ട് ബില്ലുകളാണ് ഇനിയും ഗവര്‍ണറുടെ അനുമതിക്കായി കാത്തുനില്‍ക്കുന്നത്.
ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പിടുന്നത് ഇനിയും വൈകിയാല്‍ സ്വീകരിക്കേണ്ട നടപടികളെ സര്‍ക്കാര്‍ നിയമോപദേശം തേടിയിരുന്നു. ഗവര്‍ണറും ഇക്കാര്യത്തില്‍ നിയമോപദേശം തേടിയതായാണ് വിവരം. ഗവര്‍ണര്‍ വിസമ്മതിച്ചാല്‍ രാഷ്‌ട്രീയപരമായി എങ്ങനെ നേരിടുമെന്ന് ഇന്ന് ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തും. കൂടാതെ ഏക സിവില്‍ കോഡുമായി ബന്ധപ്പെട്ട് സെമിനാറുകളും പ്രതിഷേധങ്ങളും കൂടുതല്‍ വ്യാപിപ്പിക്കാനുള്ള നീക്കങ്ങളും ഇന്ന് വിലയിരുത്തും.
സമസ്‌ത ഉള്‍പ്പെടെയുള്ള ന്യൂനപക്ഷ സംഘടനകളെ ഏകോപിപ്പിച്ച് പ്രതിഷേധങ്ങള്‍ രുപീകരിക്കാനാകും നീക്കം. ഇന്നലെ മണിപ്പൂരില്‍ നിന്നുള്ള ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്ന സാഹചര്യത്തില്‍ ഈ വിഷയവും ചര്‍ച്ചയായേക്കും. എസ്എഫ്ഐയില്‍ കഴിഞ്ഞ കാലങ്ങളിലുണ്ടായ വിവാദങ്ങുടെ പശ്ചാത്തലത്തില്‍ അതാത് ജില്ല കമ്മിറ്റികള്‍ എസ്എഫ്ഐയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി റിപ്പോര്‍ട്ട് ചെയ്യണമെന്ന് കഴിഞ്ഞ സെക്രട്ടേറിയറ്റ് തീരുമാനിച്ചിരുന്നു ഇതിന്‍റെ ചര്‍ച്ചകളും ഇന്ന് ഉണ്ടാകും. തിരുവനന്തപുരം നഗരസഭയിലെ സ്റ്റാന്‍ഡിങ് കമ്മിറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ജില്ല കമ്മിറ്റി മുന്‍പോട്ടുവയ്ക്കുന്ന സ്ഥാനാര്‍ഥികളുടെ പട്ടികയും ഇന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തും.