തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. ഭരണഘടനയെ അവഹേളിച്ചെന്ന കേസിൽ സജി ചെറിയാന് ക്ലീൻ ചിറ്റ് നൽകി കഴിഞ്ഞ ദിവസം അന്വേഷണ സംഘം കോടതിയിൽ റിപ്പോർട്ട് നൽകിയ പശ്ചാത്തലത്തിൽ സജി ചെറിയാനെ മന്ത്രിസഭയിലേക്ക് മടക്കി കൊണ്ടുവരുന്നത് സിപിഎം ചർച്ച ചെയ്‌തേക്കും. 2022 ജൂലൈ മൂന്നിന് പത്തനംതിട്ട മല്ലപ്പള്ളിയിലെ വിവാദ പ്രസംഗത്തിന്‍റെ പേരിലാണ് ജൂലൈ ആറിന് സജി ചെറിയാൻ രാജിവച്ചത്.
തുടർന്ന് സജി ചെറിയാൻ വഹിച്ചിരുന്ന വകുപ്പുകൾ മറ്റ് മന്ത്രിമാർക്ക് വീതിച്ചു നൽകുകയായിരുന്നു. തെളിവുശേഖരണം സാധ്യമല്ല എന്നും ഭരണഘടനയെ അവഹേളിക്കണമെന്ന ലക്ഷ്യത്തോടെ അല്ലായിരുന്നു പ്രസംഗം എന്നുമാണ് പൊലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. വിഷയത്തില്‍ സജി ചെറിയാനെ എംഎല്‍എ സ്ഥാനത്തു നിന്ന് അയോഗ്യനാക്കണമെന്ന ഹര്‍ജി ഹൈക്കോടതിയും തള്ളിയിരുന്നു.
ഈ സാഹചര്യത്തിലാണ് മന്ത്രിസഭയിലേക്കുള്ള സജി ചെറിയാന്‍റെ മടങ്ങിവരവിന് കളമൊരുങ്ങുന്നത്. തിരുവല്ല ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ അഞ്ച് മാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് സജി ചെറിയാനെതിരെയുള്ള കേസ് അവസാനിപ്പിച്ചത്. തിരുവല്ല ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കേടതിയിലാണ് പൊലീസ് റിപ്പോർട്ട് നൽകിയത്.