തിരുവനന്തപുരം: സിപിഎം സംസ്ഥാന സമിതി അംഗം പി.ജയരാജനെതിരെ സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കി ഇപി ജയരാജന്‍ അനുകൂലികള്‍. ക്വട്ടേഷന്‍ സംഘങ്ങളുമായുള്ള ബന്ധം, തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പ് തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ചാണ് പരാതി നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം പി.ജയരാജന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനെതിരെ അനധികൃത സ്വത്ത് സമ്പാദന ആരോപണമുന്നയിച്ചതിന് പിന്നാലെയാണ് സംസ്ഥാന നേതൃത്വത്തിന് പരാതികള്‍ ലഭിച്ചത്.
കണ്ണൂര്‍ കേന്ദ്രീകരിച്ചുള്ള സ്വർണ കടത്ത് ക്വട്ടേഷൻ സംഘവുമായി പി.ജയരാജന് ബന്ധമുണ്ടെന്നും ഇക്കാര്യം പാര്‍ട്ടി അന്വേഷിക്കണമെന്നാണ് സംസ്ഥാന നേതൃത്വത്തിന് ലഭിച്ച പരാതികളിലെ പ്രധാന ആവശ്യം. നേരത്തെ കള്ളക്കടത്ത് സ്വർണം തട്ടിയെടുക്കുന്ന സംഘങ്ങളുടെ സിപിഎം ബന്ധം നിരവധി വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഇത്തരം സംഘങ്ങൾക്കെല്ലാം സഹായവും നൽകുന്നത് ജയരാജനെന്നും പരാതിയിൽ ആരോപണമുയരുന്നുണ്ട്.
ലോക്‌സഭ തെരഞ്ഞെടുപ്പിൽ വടകരയില്‍ നിന്നും മത്സരിച്ച പി.ജയരാജൻ തെരഞ്ഞെടുപ്പ് ഫണ്ട് വെട്ടിച്ചതായും പരാതിയുണ്ട്. പിരിച്ച മുഴുവൻ തുകയും പാർട്ടിയിൽ അടച്ചില്ലെന്നും ആക്ഷേപമുണ്ട്. അതേസമയം ആന്തല്ലൂരിലെ വൈദേകം റിസോര്‍ട്ട് നിര്‍മാണത്തില്‍ പി.ജയരാജന്‍റെ ആരോപണങ്ങള്‍ക്കെതിരെ പോരാടാനുള്ള ഒരുക്കത്തിലാണ് ഇ.പി ജയരാജന്‍.