തിരുവനന്തപുരം: ജില്ലാസമ്മേളനം അടുത്തിരിക്കെ തിരുവനന്തപുരം സി.പി.എമ്മില്‍ കടുത്ത വിഭാഗീയത. ഐ.ബി സതീഷ് എം.എല്‍.എയോട് ജില്ലാ നേതൃത്വം വിശദീകരണം തേടിയതിന് പിന്നാലെ കാട്ടാകട ഏരിയ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഉയര്‍ന്നത് രൂക്ഷ വിമര്‍ശനം.
ഇന്ന് തുടങ്ങിയ സി.പി.എം കാട്ടാക്കട ഏരിയ സമ്മേളനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയനെതിരേ രൂക്ഷ വിമര്‍ശനം ഉയര്‍ന്നത്. തുടര്‍ഭരണം ലഭിച്ച് പുതിയ മന്ത്രിസഭ രൂപീകരിച്ചപ്പോള്‍ ഏകാധിപത്യ സ്വഭാവമാണ് മുഖ്യമന്ത്രി കാണിച്ചതെന്നാണ് കാട്ടാക്കട ലോക്കല്‍ കമ്മിറ്റിയില്‍ നിന്ന് ഏരിയ സമ്മേളനത്തില്‍ പങ്കെടുത്ത പ്രതിനിധി വിമര്‍ശിച്ചത്. നടത്തിപ്പുകാരന്‍റെ ഇഷ്ടക്കാരെ മാത്രം ഉള്‍പ്പെടുത്തിയതാണ് പുതിയ മന്ത്രിസഭയെന്നും മന്ത്രിമാരുടെ പ്രവര്‍ത്തനം തൃപ്തികരമല്ലെന്നും അഭിപ്രായം ഉയര്‍ന്നു.
പൊലീസിനെ സ്വതന്ത്രമാക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞിരുന്നത്. എന്നാല്‍ എല്ലാം സ്വതന്ത്രമാക്കി ഉദ്യോഗസ്ഥ ഭരണത്തിന് വിട്ടുകൊടുക്കുകയാണ് ചെയ്തിരിക്കുന്നതെന്നും പ്രതിനിധികള്‍ വിമര്‍ശിച്ചു. ഈ ഉദ്യോഗസ്ഥരെ നിയന്ത്രിക്കുന്നത് ആര്‍.എസ്.എസുകാരാണ്. ഉദ്യോഗസ്ഥതലത്തില്‍ ആര്‍.എസ്.എസ് സ്ലീപ്പര്‍ സെല്ലുകള്‍ സജീവമാണ്. മുട്ടില്‍ മരംമുറി വിവാദത്തില്‍ സി.പി.ഐയും അവര്‍ ഭരിക്കുന്ന റവന്യൂ വകുപ്പുമാണ് പ്രതിസ്ഥാനത്ത്. നിര്‍ണായക സമയത്തെല്ലാം സി.പി.എമ്മിനെ പ്രതിരോധത്തിലാക്കുന്ന സി.പി.ഐയുടെ യഥാര്‍ഥ സ്ഥിതി തുറന്നുകാണിക്കാന്‍ പാര്‍ട്ടി തയ്യാറാകണമെന്നും പ്രതിനിധികള്‍ ആവശ്യപ്പെട്ടു. കെ റെയില്‍ പദ്ധതിയുടെ ഓഫീല്‍ ഡെപ്യൂട്ടി മാനേജരായി ജോണ്‍ ബ്രിട്ടാസ് എം.പിയുടെ ഭാര്യയെ നിയമിച്ചതിലും വിമര്‍ശനമുയര്‍ന്നു.
തെരഞ്ഞെടുപ്പുകളില്‍ മികച്ച നേട്ടം നേടിയെങ്കിലും സമ്മേളനകാലമായതോടെ തിരുവനന്തപുരം സി.പി.എം ജില്ലാ കമ്മിറ്റിയിലെ വിഭാഗീയത മറനീക്കി പുറത്തു വരികയാണ്. കാട്ടാകട എം.എല്‍.എ ഐ.ബി സതീഷിനോട് ജില്ലാ സെക്രട്ടറി വിശദീകരണം തേടിയതിന് പിന്നാലെയാണ് തര്‍ക്കം പുറത്തറിയുന്നത്.
കരാട്ടെ അസോസിയേഷന്‍ ഭാരവാഹിയായ ബി.ജെ.പി അനുഭാവിയുടെ സംഘടനയ്ക്ക് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അഫിലിയേഷന്‍ ലഭിക്കാന്‍ ശുപാര്‍ശ നല്‍കിയതിനെ തുടര്‍ന്നാണ് ഐ.ബി സതീഷിനോട് ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ വിശദീകരണം തേടിയത്. മറ്റു രണ്ട് ജില്ലാ കമ്മിറ്റി അംഗങ്ങളും ഇതേ ആവശ്യം ഉന്നയിച്ചിരുന്നെങ്കിലും പാര്‍ട്ടി വിശദീകരണം തേടിയത് ഐ.ബി സതീഷിനോട് മാത്രമായിരുന്നു. ഇതോടെയാണ് മറുവിഭാഗം കടുത്ത നിലപാടെടുത്തത്.
അരുവിക്കരയിലെ തെരഞ്ഞെടുപ്പ് വീഴ്ചയുടെ പേരില്‍ വി.കെ മധുവിനെ ജില്ലാ സെക്രട്ടറിയേറ്റില്‍ നിന്ന് തരംതാഴ്ത്തിയപ്പോള്‍ ഐ.ബി സതീഷ് കടുത്ത എതിര്‍പ്പ് ജില്ലാ കമ്മിറ്റിയില്‍ ഉയര്‍ത്തിയരുന്നു. ഇതാണ് ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ വിഭാഗത്തെ ചൊടിപ്പിച്ചതെന്നാണ് ആരോപണം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പങ്കെടുത്ത ജില്ലാ കമ്മറ്റി യോഗത്തില്‍ ജില്ലാ സെക്രട്ടറിക്കെതിരെ സതീഷ് നിലപാടെടുത്തിരുന്നു. കാട്ടാക്കടയില്‍ തനിക്കെതിരെ പതിച്ച പോസ്റ്ററുകള്‍ക്ക് പിന്നില്‍ ജില്ലാ സെക്രട്ടറിക്ക് പങ്കുണ്ടെന്നായിരുന്നു എം.എല്‍.എയുടെ ആരോപണം.
അതേസമയം ബി.ജെ.പി അനുഭാവമുള്ള സംഘടനയ്ക്ക് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അഫിലിയേഷന് ശുപാര്‍ശ നല്‍കിയതില്‍ രക്തസാക്ഷി കുടുംബത്തില്‍ നിന്ന് പരാതി ലഭിച്ചതോടെയാണ് വിശദീകരണം തേടിയതെന്നാണ് ജില്ലാ നേതൃത്വത്തിന്‍റെ വാദം. ജില്ലാ സമ്മേളനം അടുത്തിരിക്കെ കടകംപള്ളി സുരേന്ദ്രനെ അനുകൂലിക്കുന്ന വിഭാഗവും ആനാവൂര്‍ നാഗപ്പനെ അനുകൂലിക്കുന്ന വിഭാഗവും തമ്മിലുള്ള വിഭാഗീയതയാണ് ഇപ്പോള്‍ മറനീക്കി പുറത്തുവരുന്നത്.
ഐ.ബി സതീഷിനോട് വിശദീകരണം ചോദിച്ചെങ്കിലും പാര്‍ട്ടി നടപടിയൊന്നും പ്രഖ്യാപിച്ചിട്ടില്ല. ഇപ്പോള്‍ നടക്കുന്ന വിഭാഗീയതയില്‍ സംസ്ഥാന നേതൃത്വത്തിന്‍റെ പിന്തുണയാര്‍ക്കെന്ന് ജില്ലാ സമ്മേളനത്തോടെയേ വ്യക്തമാകുകയുള്ളൂ. ജനുവരി 14നാണ് തിരുവനന്തപുരം ജില്ലാസമ്മേളനം.