തിരുവനന്തപുരം: താത്‌കാലിക നിയമനത്തിന് പട്ടിക ആവശ്യപ്പെട്ട് ജില്ല സെക്രട്ടറിക്ക് കത്തെഴുതിയ വിഷയത്തില്‍ മേയര്‍ ആര്യ രാജേന്ദ്രന് പൂര്‍ണ പിന്തുണയുമായി സിപിഎം. മേയറുടേതെന്ന് പറഞ്ഞ് പ്രചരിക്കുന്ന കത്ത് വ്യാജമാണെന്നും ഇക്കാര്യത്തില്‍ നിയമപരമായ നടപടി സ്വീകരിക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു.
ഇത്തരമൊരു കത്തെഴുതിയിട്ടില്ലെന്ന് മേയര്‍ തന്നെ പറഞ്ഞിട്ടുണ്ട്. കത്ത് ലഭിച്ചിട്ടില്ലെന്ന് ജില്ല സെക്രട്ടറിയും പറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇത്തരമൊരു കത്ത് എവിടെ നിന്നു വന്നുവെന്ന് അറിയാന്‍ നിയമപരമായ പരിശോധന ആവശ്യമാണ്.
അതിന് സിപിഎം പൂര്‍ണ പിന്തുണ നല്‍കും. ആര്‍ക്കെങ്കിലും പിന്‍വാതില്‍ നിയമനത്തിന് കത്ത് കൊടുക്കല്‍ സിപിഎം നിലപാടല്ല. കത്ത് വ്യാജമാണെന്ന് അറിയിച്ചിട്ടും സിപിഎമ്മിനെതിരെ വലിയ പ്രചാര വേല നടക്കുകയാണ്. വിഷയത്തില്‍ ബിജെപി ഗവര്‍ണറെ കാണട്ടെ. കണ്ടിട്ട് ഒന്നും ചെയ്യാനില്ല.
ആവശ്യമായ താത്‌കാലിക ജീവനക്കാരെ എംപ്ലോയ്‌മെന്‍റ് എക്‌സ്‌ചേഞ്ച് വഴി നിയമിക്കണം. ഇതാണ് സിപിഎം നിലപാട്. ഇത് തദ്ദേശ സ്വയംഭരണ മന്ത്രി തന്നെ വ്യക്തമാക്കിയതായും ഗോവിന്ദന്‍ പറഞ്ഞു.
പൊതുമേഖല സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തല്‍ സംബന്ധിച്ച് വിഷയങ്ങള്‍ അടഞ്ഞ അധ്യായമാണ്. മുഖ്യമന്ത്രി ഉചിതമായ നടപടി സ്വീകരിച്ചു. ഇതിലിന്നി മറ്റൊരു പ്രതികരണത്തിന്‍റെ ആവശമില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.