തിരുവനന്തപുരം: ശബരിമല വിഷയത്തിൽ നഷ്ടമായ വിശ്വാസികളുടെ വോട്ട് തിരികെ എത്തിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ സിപിഎം കേന്ദ്ര കമ്മിറ്റി സംസ്ഥാന ഘടകത്തിന് നിർദ്ദേശം നൽകി. അതിനായി എന്തെല്ലാം പ്രവർത്തനങ്ങൾ വേണമെന്ന് സംസ്ഥാന ഘടകത്തിന് തീരുമാനിക്കാമെന്നും കേന്ദ്രം. കേരളത്തിൽ പാർട്ടി അനുഭാവികളുടെ വോട്ട് വ്യാപകമായി ചോർന്നുവെന്ന് കേന്ദ്രകമ്മിറ്റി വിലയിരുത്തി. നഷ്ടമായ ജനകീയ അടിത്തറ എത്രയും വേഗം തിരിച്ചുപിടിക്കാനായി 11 ഇന കർമ്മ പദ്ധതിക്ക് മൂന്ന് ദിവസത്തെ കേന്ദ്ര കമ്മറ്റി രൂപം നൽകി.
കേരളം, പശ്ചിമ ബംഗാൾ, ത്രിപുര എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് പരാജയം സംബന്ധിച്ച് പ്രത്യേകം ചർച്ച നടത്തി. വി എസ് അച്യുതാനന്ദൻ നൽകിയ കത്തും കേന്ദ്ര കമ്മിറ്റി യോഗം പരിശോധിച്ചു. പാർട്ടി കടുത്ത സാമ്പത്തിക പ്രശ്നം നേരിടുന്നതായും ഇത് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ തളർത്തിയിട്ടുണ്ടെന്നും പശ്ചിമ ബംഗാൾ ഘടകം കേന്ദ്രകമ്മിറ്റിയെ അറിയിച്ചു. തമിഴ്നാട് എംപി പി ആർ നടരാജനെ പാർലമെന്ററി പാർട്ടി നേതാവായി കേന്ദ്രകമ്മറ്റി തെരഞ്ഞെടുത്തു.