തിരുവനന്തപുരം: കേരളത്തിന്‍റെ വികസനപദ്ധതികൾ അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കത്തിന്‍റെ ഭാഗമാണ് കിഫ്‌ബിക്കെതിരായ വിവാദമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. എല്ലാ കേന്ദ്ര ഏജൻസികളും പദ്ധതികളെ തകർക്കുന്നതിനായി ശ്രമിക്കുന്നുണ്ട്. സ്വർണ കള്ളക്കടത്ത് അന്വേഷിക്കാൻ വന്ന ഏജൻസികൾ വികസനപദ്ധതികളിൽ ഇടംകാലിടാനാണ് ശ്രദ്ധിക്കുന്നത്. കെ ഫോൺ, ഇ-മൊബിലിറ്റി, ടോറസ് പാർക്ക്, ലൈഫ് മിഷൻ തുടങ്ങിയ പദ്ധതികളിൽ ഇവർ ഇടപെട്ടു. ഇതിന്‍റെ തുടർച്ച കിഫ്ബിയിലും നടക്കുന്നതായി സിപിഎം ആരോപിച്ചു.
കിഫ്ബി വിദേശത്തുനിന്ന് വായ്‌പയെടുക്കുന്നത് ഭരണഘടനാ വിരുദ്ധമെന്ന് വരുത്താനാണ് ആർഎസ്എസും ബിജെപിയും ശ്രമിക്കുന്നത്. ഇവരെ കേരളത്തിലെ കോൺഗ്രസും സഹായിക്കുന്നു. സംസ്ഥാനത്ത് നടപ്പിലാക്കുന്ന പദ്ധതികൾ അട്ടിമറിക്കാൻ കോൺഗ്രസും ബിജെപിയും അവിശുദ്ധ സഖ്യം ചേർന്നിരിക്കുന്നുവെന്നും സിപിഎം പ്രസ്‌താവനയിൽ ആരോപിച്ചു. യഥാർഥ പ്രശ്‌നങ്ങളിൽ നിന്ന് വഴി തിരിക്കാനാണ് കിഫ്ബിക്കെതിരെ അഴിമതി ആരോപണം ഉന്നയിക്കുന്നതെന്നും ഈ നീക്കങ്ങളെ ജനകീയ പ്രതിഷേധത്തിലൂടെ പരാജയപ്പെടുത്തുമെന്നും സിപിഎം വ്യക്തമാക്കി.