തിരുവനന്തപുരം: നിലവിലെ നേതൃത്വം മാറണമെന്ന മുറവിളിക്കിടെ സിപിഐ സംസ്ഥാന സമ്മേളനത്തിന് നാളെ (സെപ്റ്റംബര്‍ 30) തിരുവനന്തപുരത്ത് കൊടി ഉയരും. 27 വര്‍ഷത്തിനു ശേഷമാണ് തലസ്ഥാനം സിപിഐ സംസ്ഥാന സമ്മേളനത്തിന് വേദിയാകുന്നത്. 1995ലാണ് അവസാനമായി സിപിഐ സംസ്ഥാന സമ്മേളനം തിരുവനന്തപുരത്ത് നടന്നത്.
30ന് വൈകിട്ട് പൊതു സമ്മേളനത്തോടെയാണ് സമ്മേളനത്തിന് തുടക്കമാകുക. ഇത്തവണ ശക്തിപ്രകടനം ഒഴിവാക്കിയതിനാലാണ് പതിവിനു വിരുദ്ധമായി പൊതു സമ്മേളനത്തോടെ സംസ്ഥാന സമ്മേളനം ആരംഭിക്കുന്നത്. ഒക്ടോബര്‍ 1ന് രാവിലെ ടാഗോര്‍ തിയേറ്ററില്‍ നടക്കുന്ന പ്രതിനിധി സമ്മേളനം ജനറല്‍ സെക്രട്ടറി ഡി രാജ ഉദ്ഘാടനം ചെയ്യും.
തുടര്‍ന്ന് പ്രവര്‍ത്തന റിപ്പോര്‍ട്ട്, രാഷ്ട്രീയ കാര്യ റിപ്പോര്‍ട്ട് എന്നിവയിന്മേല്‍ ഒക്ടോബര്‍ 1, 2 തീയതികളില്‍ പ്രതിനിധികള്‍ ചര്‍ച്ച നടത്തും. 3ന് സംസ്ഥാന സെക്രട്ടറി തെരഞ്ഞെടുപ്പാണ്. നിലവിലത്തെ സാഹചര്യത്തില്‍ മൂന്നാം തവണ സെക്രട്ടറിയാകാന്‍ തയാറെടുക്കുന്ന കാനം രാജേന്ദ്രനെതിരെ സി ദിവാകരന്‍, ഇസ്‌മായില്‍ പക്ഷങ്ങള്‍ കടുത്ത വെല്ലുവിളിയാണുയര്‍ത്തുന്നത്.
ഈ സാഹചര്യത്തില്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം ഉറപ്പാണ്. 2015ലെ കോട്ടയം സമ്മേളനത്തില്‍ തനിക്ക് സെക്രട്ടറിയാകാമായിരുന്നെങ്കിലും പാര്‍ട്ടിയില്‍ താന്‍ മുന്‍കൈ എടുത്ത് മത്സരം ഒഴിവാക്കുകയായിരുന്നുവെന്ന് മുതിര്‍ന്ന നേതാവ് കെ.ഇ ഇസ്‌മായില്‍ തുറന്നടിച്ചിരുന്നു. മത്സരമുണ്ടായാല്‍ എതിര്‍ക്കില്ലെന്ന് സി.ദിവാകരനും വ്യക്തമാക്കിയിട്ടുണ്ട്.
ഇരുവിഭാഗങ്ങളും ഒരുമിച്ച് കാനം രാജേന്ദ്രനെതിരെ പൊതു സ്ഥാനാര്‍ഥിയെ നിര്‍ത്താനാണ് സാധ്യത. ഈ സ്ഥാനാര്‍ഥി ആരെന്നതാണ് സസ്‌പെന്‍സ്. നിലവിലെ അസിസ്റ്റന്‍റ് സെക്രട്ടറി പ്രകാശ് ബാബുവായിരിക്കും ദിവാകരന്‍-ഇസ്‌മായില്‍ പക്ഷങ്ങളുടെ സ്ഥാനാര്‍ഥിയെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു.
2015ലെ കോട്ടയം സമ്മേളനത്തിലാണ് കാനം രാജേന്ദ്രന്‍ ആദ്യമായി സിപിഐ സംസ്ഥാന സെക്രട്ടറിയാകുന്നത്. 2018ലെ മലപ്പുറം സമ്മേളനത്തില്‍ എതിര്‍പ്പുകളില്ലാതെ കാനം തുടര്‍ന്നു. എന്നാല്‍ 2022ല്‍ എത്തുമ്പോള്‍ സ്ഥിതി വ്യത്യസ്‌തമാണ്. 27 വര്‍ഷത്തിനു ശേഷം തലസ്ഥാനം വേദിയാകുന്ന സിപിഐയുടെ 24-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ തീയും പുകയും ഉയരുമെന്ന് ഉറപ്പായി.