തിരുവനന്തപുരം: കൊവിഡ് രോഗികളായ അതിഥി തൊഴിലാളികളെ കൊണ്ട് ജോലി ചെയ്യിക്കാമെന്ന സർക്കാർ ഉത്തരവ് വിവാദത്തിൽ. രോഗലക്ഷണങ്ങളില്ലാത്ത കൊവിഡ് രോഗികളായ അതിഥി തൊഴിലാളികളെ കൊണ്ട് ജോലി ചെയ്യിക്കാമെന്നാണ് പൊതുഭരണ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചത്. രോഗികളെ മറ്റുള്ളവരുമായി ഇടപെടാതെ പ്രത്യേകമായി ജോലി ചെയ്യിക്കണം. പ്രാഥമിക ചികിത്സ കേന്ദ്രത്തിനു സമാനമായ സ്ഥലത്ത് പ്രത്യേകമായി ഇവരെ താമസിപ്പിക്കണം തുടങ്ങിയ നിർദേശങ്ങളടങ്ങിയതാണ് ഉത്തരവ്.
കൊവിഡിനെ തുടർന്ന് തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങിയതോടെ പല അടിസ്ഥാന സൗകര്യ വികസന പദ്ധതികളും വേഗത്തിലാക്കാൻ കഴിയുന്നില്ലെന്ന് വ്യവസായ വകുപ്പ് നേരത്തെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മടങ്ങിയെത്തിയ തൊഴിലാളികളിൽ രോഗം സ്ഥിരീകരിച്ചാലും ലക്ഷണങ്ങൾ ഇല്ലെങ്കിൽ ജോലി ചെയ്യിപ്പിക്കാമെന്ന് പൊതുഭരണ വകുപ്പ് ഉത്തരവിറക്കിയത്. എന്നാൽ ഇതിനെതിരെ ഡോക്‌ടർമാരുടെ സംഘടനയായ കെ.ജിഎം.ഒ.എ രംഗത്തെത്തി. രോഗബാധിതർക്ക് വിശ്രമം അത്യാവശ്യമാണെന്നും ആരോഗ്യ വകുപ്പുമായി ആലോചിക്കാതെയാണ് ഉത്തരവ് പുറപ്പെടുവിച്ചതെന്നും കെ.ജി.എം.ഒ.എ വ്യക്തമാക്കി.