തിരുവനന്തപും: സംസ്ഥാനത്ത് കൊവിഡ് പ്രതിരോധ പ്രവർത്തനം ഊർജ്ജിതമാക്കാൻ മന്ത്രിസഭ തീരുമാനം. ആഗസ്റ്റ് മാസത്തോടെ ഓരോ ജില്ലയിലും അയ്യായിരത്തിലധികം രോഗികളുണ്ടാകുമെന്ന വിലയിരുത്തലിൽ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാനാണ് മന്ത്രിസഭ തീരുമാനം. സംസ്ഥാനത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനം ശക്തിപ്പെടുത്തും. എല്ലാ പഞ്ചായത്തിലും കൊവിഡ് ട്രീറ്റ്‌മെന്‍റ് സെന്‍ററുകള്‍ ആരംഭിക്കും. സംസ്ഥാനത്ത് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ആവശ്യമായ ചികിത്സാ സൗകര്യം വർദ്ധിപ്പിക്കാനാണ് നിർദേശം.
അടുത്ത മാസത്തോടെ കൊവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുമെന്ന റിപ്പോര്‍ട്ടാണ് സര്‍ക്കാരിന് ലഭിച്ചിരിക്കുന്നത്. സമ്പർക്കരോഗികളുടെയും ഉറവിടം അറിയാത്ത രോഗികളുടെയും എണ്ണം വർധിക്കുന്നത് സമൂഹവ്യാപനം എന്ന ആശങ്ക ഉയർത്തുകയാണെന്നും മന്ത്രിസഭ വിലയിരുത്തി. തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് അഞ്ച് വകുപ്പുകളെ യോജിപ്പിച്ച് തദ്ദേശഭരണ സർവീസ് രൂപീകരിക്കാനും മന്ത്രിസഭ തീരുമാനിച്ചു. ധനബില്ല് പാസാക്കാൻ ഈ മാസം 27ന് നിയമസഭാ യോഗം വിളിച്ചു ചേർക്കാൻ ഗവർണറോട് ശുപാർശ ചെയ്യും. ഒറ്റ ദിവസത്തെ സമ്മേളനം വിളിച്ചു ചേർക്കാനാണ് മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നത്.