തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കണ്ണൂരില്‍ രണ്ട് പേര്‍ക്കും പാലക്കാട് ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. രണ്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഒരാൾ വിദേശത്ത് നിന്നുമെത്തിയതാണ്. 19 പേര്‍ക്ക് പരിശോധനാ ഫലം നെഗറ്റീവായി. രോഗമുക്തി നേടിയവരില്‍ 12 പേര്‍ കാസര്‍കോട് സ്വദേശികളാണ്. പത്തനംതിട്ട, തൃശൂർ ജില്ലകളിൽ മൂന്ന് പേർക്ക് വീതവും കണ്ണൂരിൽ ഒരാൾക്കും രോഗം ഭേദമായി. നിലവില്‍ 178 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 378 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 1,12,183 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 1,11,468 പേര്‍ വീടുകളിലും 715 പേര്‍ ആശുപത്രികളിലുമാണ്.
വിഷു ആശംസകൾ നേര്‍ന്നുകൊണ്ട് വാര്‍ത്താസമ്മേളനം ആരംഭിച്ച മുഖ്യമന്ത്രി, ഡോ.ബി.ആര്‍.അംബേദ്‌കര്‍ ജയന്തിയും ആശംസിച്ചു. ഇത്തവണത്തെ വിഷുക്കൈനീട്ടം നാടിന് വേണ്ടി നല്‍കാനും ദുരിതാശ്വാസനിധിയിലേക്ക് കൈമാറാനും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. റമദാന്‍ മാസമായ ഏപ്രിലിലെ സക്കാത്തും ദുരിതാശ്വാസനിധിയിലേക്ക് നല്‍കാന്‍ മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. 86 പേരെയാണ് തിങ്കളാഴ്‌ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പുതിയ രോഗബാധിതരുടെ എണ്ണം കുറയുകയും രോഗമുക്തി നേടുന്നവരുടെ എണ്ണം കൂടുകയും ചെയ്‌തു. പക്ഷേ നിയന്ത്രണങ്ങൾ ഒഴിവാക്കാന്‍ സമയമായിട്ടില്ല. വിഷു തലേന്നായതിനാല്‍ തന്നെ കേരളത്തില്‍ ഇന്ന് വലിയ തിരക്കാണ് അനുഭവപ്പെട്ടത്. നിയന്ത്രണങ്ങൾ ഒഴിവാക്കാമെന്ന ചിന്ത അപകടകരമാണ്. ഒരു കാരണവശാലും ജനങ്ങളുടെ കൂടിച്ചേരലുകളും പൊതുസ്ഥലങ്ങളിൽ കൂടുതൽ ആളുകൾ എത്തിച്ചേരുന്നതും അനുവദിക്കാനാവില്ല. ഇന്നത്തെ തിരക്ക് ഗൗരവതരമായി കാണുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പ്രവാസികളുടെ വിഷയം അറിയിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. നാട്ടിലെത്താന്‍ പ്രവാസികൾക്ക് പ്രത്യേക വിമാനം തയ്യാറാക്കാന്‍ ആവശ്യപ്പെട്ടു. ജോലി നഷ്‌ടപ്പെടുന്ന പ്രവാസികളുടെ പുനരധിവാസം കേന്ദ്രം ഏറ്റെടുക്കണം. തിരിച്ചെത്തുന്ന പ്രവാസികൾക്ക് എല്ലാ ക്രമീകരണങ്ങളും സംസ്ഥാനത്ത് ഒരുക്കും. കൊവിഡ് പ്രവര്‍ത്തനങ്ങൾ ഏകോപിപ്പിക്കാന്‍ നാല് പുതിയ പൊലീസ് സ്റ്റേഷനുകൾ നാളെ മുതല്‍ ആരംഭിക്കും. വയനാട്, കാസര്‍കോട്, ഇടുക്കി, പത്തനംതിട്ട എന്നിവിടങ്ങളിലാണ് പൊലീസ് സ്റ്റേഷനുകൾ ആരംഭിക്കുന്നത്. കോട്ടയത്ത് എലിപ്പനിയും ഡെങ്കിപ്പനിയും റിപ്പോര്‍ട്ട് ചെയ്‌തത് ഗൗരവമായി കാണുന്നു. വ്യാപനം തടയാന്‍ അടിയന്തര നടപടികൾ സ്വീകരിക്കും. മാലിന്യനിര്‍മാര്‍ജനം ഊര്‍ജിതമാക്കും.
ലോക് ഡൗണ്‍ വിജയകരമാക്കിയത് ജനങ്ങളാണ്. ഇതുമായി സഹകരിച്ച മുഴുവന്‍ പേരെയും മുഖ്യമന്ത്രി അഭിനന്ദിച്ചു. പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് ശേഷം സംസ്ഥാനത്തെ ഇളവുകൾ അറിയിക്കും. ആയിരത്തോളം കൊവിഡ് പരിശോധനകളാണ് നടത്തുന്നത്. പരിശോധന മികച്ച രീതിയില്‍ പുരോഗമിക്കുന്നു. കേരളത്തില്‍ കുടുങ്ങിയ ലക്ഷദ്വീപുകാര്‍ക്ക് ആവശ്യമായ ഭക്ഷണമെത്തിക്കും. ഇതുവരെ 5.32 ലക്ഷം റേഷന്‍ കിറ്റ് വിതരണം ചെയ്‌തു. ലൈറ്റ് ആൻഡ് സൗണ്ട്, പന്തൽ നിര്‍മാണ സ്ഥാപനങ്ങൾ, ചെറുകിട കമ്പ്യൂട്ടർ സെന്‍ററുകൾ എന്നിവ ആഴ്‌ചയിൽ ഒന്നോ രണ്ടോ ദിവസം തുറക്കുന്ന കാര്യം പരിഗണനയിലുണ്ട്. സ്വര്‍ണപണയവായ്‌പാ സ്ഥാപനങ്ങൾ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കും. വെറ്റില ആഴ്‌ചയിലൊരിക്കല്‍ മാര്‍ക്കറ്റിലെത്തിക്കാന്‍ സൗകര്യമൊരുക്കും. തമിഴ്‌നാട് അതിര്‍ത്തിയിലൂടെ ഒളിച്ചുകടന്നെത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. പാഠപുസ്‌തകങ്ങളുടെ അച്ചടി 75 ശതമാനം പൂര്‍ത്തിയാക്കി. ഒന്ന് മുതല്‍ പത്ത് വരെ ക്ലാസുകളിലെ പാഠപുസ്‌തകങ്ങൾ ഓണ്‍ലൈനില്‍ ലഭ്യമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. അതേസമയം സ്പ്രിംഗ്‌ളര്‍ വിവാദത്തില്‍ പ്രതികരണത്തിനില്ലെന്നും ഐടി വകുപ്പാണ് കാര്യങ്ങൾ വിശദമാക്കേണ്ടതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.