തിരുവനന്തപുരം: നോർക്ക റൂട്ട്സിലെ ക്യാഷ് ബുക്കിൽ തിരിമറി നടത്തിയ കേസിൽ നോർക്ക റൂട്ട്സ് മാനേജർക്ക് രണ്ടു വർഷം തടവും 25000 രൂപ പിഴയും. അഴിമതി നിരോധന നിയമത്തിലെ 13(1)(d) പ്രകാരമാണ് ശിക്ഷ. മാനേജർ ഗോപകുമാറാണ് പ്രതി. പിഴ ഒടുക്കിയില്ലങ്കിൽ മൂന്ന് മാസത്തെ തടവുശിക്ഷ കൂടി അനുഭവിക്കണം. തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതിയുടേതാണ് ഉത്തരവ്.
2004 ഡിസംബർ ഒന്ന് മുതൽ 2005 സെപ്റ്റംബർ അഞ്ച് വരെയുള്ള കാലഘട്ടത്തിലാണ് സംഭവം. നോർക്ക റൂട്ട്സിലെ സാക്ഷ്യപത്രം നൽകുന്ന സെക്ഷനിലെ മാനേജർ ആയിരുന്ന പ്രതി ഇവിടെ ജോലി ചെയ്യുന്ന മറ്റ് ജീവനക്കാർക്കുള്ള അലവൻസ്, ദിവസേനയുള്ള പ്രവർത്തനങ്ങൾക്ക് ബാങ്കിൽ നിന്നും ലഭിക്കുന്ന തുക എന്നിവയിൽ നിന്നും പണം തിരിമറി നടത്തിയെന്നാണ് കേസ്.
നോർക്ക റൂട്ട്സിലെ ഉദ്യോഗസ്ഥർ നൽകിയ പരാതിയിൽ 2008 ഡിസംബർ 11നാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയുന്നത്. 2014 സെപ്റ്റംബർ 26ന് അന്വേഷണം പൂർത്തിയാക്കി. വിജിലൻസ് മുൻ ഡി.വൈ.എസ്.പി ഉദയ കുമാറാണ് കുറ്റപത്രം കോടതിൽ സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ഉണ്ണികൃഷ്ണൻ എസ്. ചെറുന്നിയൂർ ഹാജരായി.