തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ ഇ.ഡി.ക്കെതിരെ വിചാരണ കോടതി. സ്വർണ്ണക്കടത്ത് കേസ് പ്രതികളായ സരിത്ത്, സന്ദീപ് നായർ എന്നിവരുടെ ജാമ്യ ഉത്തരവിലാണ് ഇ.ഡി.ക്കെതിരായ കോടതിയുടെ പരാമർശം. കുറ്റപത്രം സമർപ്പിക്കുകയും അന്വേഷണം അവസാന ഘട്ടത്തിലെത്തി നിൽക്കുകയും ചെയ്ത സാഹചര്യത്തിൽ പ്രതികൾക്ക് ജാമ്യം അനുവദിക്കുകയായിരുന്നു. കൂടാതെ കേസിലെ മറ്റ് പ്രതികൾക്ക് ജാമ്യം ലഭിച്ച സാഹചര്യത്തിൽ പ്രതികൾക്ക് തുല്ല്യ നീതിക്ക് അവകാശമുണ്ടെന്നും കോടതി വ്യക്തമാക്കി.
ഇരുപത് തവണ പ്രതികൾ സ്വർണ്ണം കടത്തിയെന്നും ഇരുപത്തൊന്നാം തവണ സ്വർണ്ണക്കടത്തിന് ശ്രമിച്ചപ്പോഴാണ് പിടിയിലായതെന്നുമാണ് ഇ ഡി പറയുന്നത്. ഇരുപത്തിയൊന്നാം തവണ കടത്താൻ ശ്രമിച്ച സ്വർണ്ണം പിടികൂടിയതിനാൽ ഇതുപയോഗിച്ച് പ്രതികൾക്ക് സ്വത്ത് സമ്പാദിക്കാൻ കഴിഞ്ഞിട്ടില്ലെന്നും ജാമ്യ ഉത്തരവിൽ പറയുന്നു. ഈയൊരു സാഹചര്യത്തിൽ കളളപ്പണം വെളുപ്പിക്കൽ കേസ് നിലനിൽക്കുമോയെന്ന സംശയമാണ് കോടതി പ്രകടിപ്പിച്ചത്. പ്രതികളുടെ കുറ്റസമ്മത മൊഴിയല്ലാതെ മറ്റ് തെളിവുകൾ എവിടെയെന്നും എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇ.ഡി.യോട് ചോദിച്ചു.