തിരുവനന്തപുരം: വഴുതക്കാട് കോട്ടണ്‍ഹില്‍ സ്‌കൂളില്‍ റാഗിങ് പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ സ്‌കൂള്‍ പ്രധാന അധ്യാപകനെതിരെ നടപടി ആവശ്യപ്പെട്ട് കെ.എസ്.യു പ്രതിഷേധം. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്‌ടർ കെ.ജീവൻ ബാബുവിൻ്റെ ഓഫീസ് ഉപരോധിച്ചായിരുന്നു പ്രവര്‍ത്തകരുടെ പ്രതിഷേധം. കെ.എസ്.യു ജില്ല പ്രസിഡൻ്റ് സെയ്‌തലി കായ്പ്പടിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
പ്രവര്‍ത്തകരെ പൊലീസ് അറസ്‌റ്റ് ചെയ്‌ത് നീക്കി. അതിനിടെ, സ്‌കൂളിലെ പ്രധാന അധ്യാപകന്‍ വിന്‍സന്‍റിനെതിരെ ഗുരുതര ആരോപണങ്ങളുമായി അധ്യാപകരും രംഗത്തെത്തി. മറ്റ് അധ്യാപകരെയും, ജീവനക്കാരെയും മോശം ഭാഷ ഉപയോഗിച്ച് പരസ്യമായി അപമാനിക്കുന്നത് പതിവാണെന്നാണ് ഉയരുന്ന ആരോപണം.
പി.എസ്.സി പരീക്ഷകൾ നടത്തുമ്പോൾ ലഭിക്കുന്ന വരുമാനത്തിൽ അഴിമതി നടത്തിയെന്നും ആരോപണമുണ്ട്. വിഷയത്തില്‍ ഹെഡ്‌മാസ്റ്ററിനെതിരായ ആരോപണങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നാണ് വിദ്യാഭ്യാസമന്ത്രിയുടെ പ്രതികരണം.