തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ കൊവിഡ് ഡ്യൂട്ടിക്ക് ശേഷം അവധി നൽകാത്തതിനെതിരെ ഒരു മണിക്കൂർ ഡ്യൂട്ടി ബഹിഷ്‌കരിച്ച് നഴ്‌സുമാർ. കേരള ഗവൺമെന്‍റ് നഴ്‌സസ് യൂണിയൻ്റെ (കെ.ജി.എൻ.യു) നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്. ഏഴു ദിവസത്തെ കൊവിഡ് ഡ്യൂട്ടി കഴിഞ്ഞ് തൊട്ടടുത്ത ദിവസം തന്നെ നോൺ-കൊവിഡ് ഡ്യൂട്ടിക്ക് കയറാനാണ് നിർദേശം. വിശ്രമമില്ലാതെ തുടർച്ചയായി ജോലി ചെയ്യേണ്ടുന്ന സാഹചര്യം ചൂണ്ടിക്കാട്ടിയാണ് സമരം.
പത്ത് ദിവസത്തെ ഡ്യൂട്ടിക്ക് ശേഷം മൂന്നു ദിവസം ഡ്യൂട്ടി ഓഫ് നൽകണമെന്നാണ് ആവശ്യം. ഒന്നര മാസം മുമ്പുതന്നെ ഈ ആവശ്യം ഉന്നയിച്ച് ആശുപത്രി അധികൃതരെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ അനിശ്ചിതകാലസമരത്തിലേക്ക് കടക്കുമെന്ന് കെ.ജി.എൻ.യു വ്യക്തമാക്കി.