തിരുവനന്തപുരം: നവലിബറൽ നയങ്ങൾ പുനപരിശോധിക്കാൻ കോൺഗ്രസ് നേതൃത്വം തയ്യാറാകുന്നില്ലെങ്കിൽ അവർക്ക് ബിജെപിയെ നേരിടാൻ കഴിയില്ലെന്ന് സി.പി.ഐ ജനറൽ സെക്രട്ടറി ഡി.രാജ. 1991ലെ നരസിംഹറാവു സർക്കാരിന്‍റെ നവലിബറൽ നയങ്ങളെ അതിതീവ്രമായി നടപ്പാക്കി തീവ്ര വലതു വ്യതിയാനത്തിലേക്ക് രാജ്യത്തെ കൊണ്ടുപോകുകയാണ് നരേന്ദ്ര മോദി. അതിനാൽ മോദിക്കെതിരെ പോരാടാൻ കോൺഗ്രസ് നയം മാറ്റണമെന്നും ഡി രാജ പറഞ്ഞു.
നെഹ്റുവിയൻ സാമ്പത്തിക നയങ്ങളിലേക്ക് കോൺഗ്രസ് മടങ്ങുകയാണ്. അതിനുള്ള പോംവഴി 2024 ലെ പൊതു തെരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്താൻ കഴിഞ്ഞില്ലെങ്കിൽ രാജ്യത്ത് ജനാധിപത്യം മൃതിയടയും. ബിജെപിയെ പരാജയപ്പെടുത്താൻ ഇന്ത്യയിൽ ഇടത് പാർട്ടികൾ ശക്തിപ്പെടുകയാണ് വേണ്ടത്.
ദേശീയ തലത്തിൽ ഇടതു ഐക്യവേദിയുണ്ടെങ്കിലും സംസ്ഥാന തലത്തിൽ ഇടത് ഐക്യം ശക്തമല്ല. കമ്മ്യൂണിസ്റ്റ് പാർട്ടികൾ ഒരുമിക്കേണ്ട സമയമാണിത്. തത്വാധിഷ്‌ഠിതമായി ഇടതു പാർട്ടികൾ ഒരുമിക്കണമെന്നും രാജ നിര്‍ദേശിച്ചു.
ഇടത് ഏകീകരണം എന്നത് പുതിയ ആശയമല്ല. രാജേശ്വർ റാവു സിപിഐ ജനറൽ സെക്രട്ടറിയായിരുന്ന കാലത്ത് തന്നെ ഇടത് പുനരേകീകരണം എന്ന ആശയം മുന്നോട്ടു വച്ചിട്ടുണ്ടെന്നും രാജ പറഞ്ഞു.
ഇന്നും(01.09.2022) നാളെയും(02.09.2022) വിവിധ റിപ്പോർട്ടുകളിൻമേൽ പ്രതിനിധികൾ ചർച്ച നടത്തും. ഒക്‌ടോബർ 3ന് പുതിയ സംസ്ഥാന സെക്രട്ടറിയെയും സംസ്ഥാന കൗൺസിലിനെയും തെരഞ്ഞെടുത്ത് സംസ്ഥാന സമ്മേളനം പിരിയും. ഒക്‌ടോബർ 14 മുതൽ 18 വരെ വിജയവാഡയിലാണ് സി.പി.ഐ 24-ാം പാർട്ടി കോൺഗ്രസ്.