തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയുടെ സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി നിര്‍മിക്കുന്ന സ്മാർട്ട് റോഡിന്‍റെ നിർമാണം ഇഴയുന്നത് യാത്ര ദുരിതം വര്‍ധിപ്പിക്കുന്നതായി പരാതി. നഗരത്തിൽ അപകടക്കെണിയും ഗതാഗതകുരുക്കും സൃഷ്ടിച്ച് ഒച്ചിഴയും വേഗത്തിൽ നീങ്ങുകയാണ് റോഡ് നിർമാണം. അട്ടക്കുളങ്ങര- കിള്ളിപ്പാലം ബൈപ്പാസ് റോഡിലെ ജനങ്ങളുടെ ദുരവസ്ഥ ഇ.ടി.വി ഭാരത് നേരത്തെ ജനങ്ങളില്‍ എത്തിച്ചിരുന്നു. സമാന അവസ്ഥയാണ് തൈക്കാട് സംഗീത കോളജ് ജംഗ്ഷൻ മുതൽ ഗവ.മോഡൽ സ്കൂൾ വരെയുള്ള റോഡിന്‍റേതും.
പൊതുവെ തിരക്കേറിയ റോഡിന്‍റെ ഒരു ഭാഗം പൂർണമായും കുത്തിപ്പൊളിച്ചിട്ടിരിക്കുകയാണ്. വലിയ വാഹനങ്ങൾ കടന്നു പോകുന്ന ഈ റോഡിൽ ഗതാഗതക്കുരുക്ക് സ്ഥിരം കാഴ്ചയാണ്. ലോറി പോലുള്ള വാഹനങ്ങൾ കടന്നു പോയാൽ കുരുക്കഴിയാൻ മണിക്കൂറുകള്‍ എടുക്കും. കാൽനടയാത്രക്കാർക്കും വലിയ ഭീഷണിയാണ് റോഡ് ഉണ്ടാക്കുന്നത്. കുഴിച്ചിട്ടിരിക്കുന്ന റോഡിന്‍റെ ഒരു വരിയിലൂടെ കാൽനട യാത്രക്കാരും വാഹനങ്ങളും കടന്നുപോകുമ്പോൾ അപകടങ്ങളുണ്ടാകുന്നതും പതിവാണ്.
ഗവ.മോഡൽ ഹയർ സെക്കൻഡറി സ്കൂൾ സ്ഥിതി ചെയ്യുന്ന ഈ റോഡിൽ സ്കൂള്‍ തുറക്കുന്നതോടെ ഗതാഗത കുരുക്ക് ഇരട്ടിയാകും. ഈ സാഹചര്യകൂടി മുന്നില്‍ കണ്ട് പണികള്‍ വേഗത്തിലാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. കേരള റോഡ് ഫണ്ട് ബോർഡിനാണ് നിര്‍മാണ ചുമതല. റോഡ് കുഴിക്കാതെ കേബിൾ സ്ഥാപിക്കാനാകില്ലെന്നാണ് ഈ വിഷയത്തില്‍ അധികൃതരുടെ പ്രതികരണം. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ മഴകൂടി പെയ്തതോടെ ദുരിതം ഇരട്ടിയായിട്ടുണ്ട്.
Also Read: പേര് മാത്രം സ്‌മാർട്ട്, തലസ്ഥാനം നിറഞ്ഞ് കുണ്ടും കുഴിയും; വലഞ്ഞ് ജനം